അമേരിക്കൻ ആഭ്യന്തരയുദ്ധം

അമേരിക്കൻ അഭ്യന്തരയുദ്ധം

മുകളിൽ ഇടത്തുവശത്ത്: റോസ്ക്രാൻസ് ടെന്നസിയിലെ സ്റ്റോൺസ് നദിയുടെ സമീപത്ത്; മുകളിൽ ഇടത്തുവശത്ത്: ജെറ്റിസ്ബർഗിലെ കോൺഫെഡറേറ്റ് തടവുകാർ; താഴെ: ഫോർട്ട് ഹിൻഡ്മാൻ യുദ്ധം, അർക്കൻസാസ്
തിയതിഏപ്രിൽ 12, 1861– ഏപ്രിൽ 9, 1865 (അവസാന യുദ്ധം മേയ് 13, 1865)
സ്ഥലംപ്രധാനമായും തെക്കൻ അമേരിക്കൻ ഐക്യനാടുകൾ
ഫലംയൂണിയൻ വിജയം; പുനഃനിർമ്മാണം; അടിമത്തം നിർമ്മാർജ്ജനം ചെയ്തു; സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നിജപ്പെടുത്തി
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
അതിർത്തിഅമേരിക്കൻ ഐക്യനാടുകളുടെ ("യൂണിയൻ")
അതിർത്തിഅമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങൾ ("കോൺഫെഡറസി")
പടനായകരും മറ്റു നേതാക്കളും
യൂണിയൻ നേതാക്കൾ
കോൺഫെഡറേറ്റ് നേതാക്കൾ
ശക്തി
2,200,0001,064,000
നാശനഷ്ടങ്ങൾ
110,000 യുദ്ധത്തിൽ മരണമടഞ്ഞു
360,000 മൊത്തം മരണം
275,200 മുറിവേറ്റവർ
93,000 യുദ്ധത്തിൽ മരണമടഞ്ഞു
260,000 മൊത്തം മരണം
137,000+ മുറിവേറ്റവർ

പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ സംസ്ഥാനങ്ങൾ തമ്മിൽ നടന്ന പോരാട്ടങ്ങളെയാണ് അമേരിക്കൻ ആഭ്യന്തരയുദ്ധം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 1861 ഏപ്രിൽ 12-ന് ആരംഭിച്ച ഏറ്റുമുട്ടലുകൾ 1865 മെയ് 26 വരെ നീണ്ടുനിന്നു. യൂണിയൻ സംസ്ഥാനങ്ങൾ എന്നറിയപ്പെട്ട വടക്കൻ സംസ്ഥാനങ്ങൾ ഐക്യനാടുകൾ എന്നതിനോട് കൂറ് പുലർത്തിക്കൊണ്ട് നിലനിന്നപ്പോൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ച തെക്കൻ സംസ്ഥാനങ്ങൾ കോൺഫെഡറസി സംസ്ഥാനങ്ങൾ എന്ന പേരിൽ എതിർപക്ഷത്ത് നിലയുറപ്പിച്ചു. വടക്കൻ സംസ്ഥാനങ്ങളും തെക്കൻ സംസ്ഥാനങ്ങളും തമ്മിൽ നടന്ന അഭ്യന്തരയുദ്ധത്തിന്റെ കാരണം വിവിധ സംസ്ഥാനങ്ങളിൽ അടിമകളുടെ സ്ഥിതി വിഭാവനം ചെയ്യുന്ന നിയമങ്ങളിലുള്ള വ്യത്യാസങ്ങളായിരുന്നു. ലൂസിയാന പർച്ചേസ്, മെക്സിക്കൻ-അമേരിക്കൻ യുദ്ധം എന്നിവ മൂലം തെക്കൻ സംസ്ഥാനങ്ങളിൽ അടിമകളാക്കപ്പെട്ട കറുത്തവരുടെ എണ്ണം പെരുകുകയുണ്ടായി[1]. 1860-ഓടെ തെക്കൻ സംസ്ഥാനങ്ങളിലെ ഏകദേശം 13 ശതമാനവും (40 ലക്ഷം പേർ) ഇത്തരത്തിലുള്ള അടിമകളായിരുന്നു[2].

1860-ൽ അടിമത്തം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെതിരായി പ്രചാരണം നടത്തി എബ്രഹാം ലിങ്കൺ പ്രസിഡന്റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1861 മാർച്ച് 4നു ലിങ്കൺ ഔദ്യോഗികമായി സ്ഥാനമേൽക്കുന്നതിനുമുമ്പുതന്നെ ഏഴ് തെക്കൻ സംസ്ഥാനങ്ങൾ വിമോചനം പ്രഖ്യാപിച്ച് വേറിട്ട് പോയി. അവ ഒരു കോൺഫെഡറേഷനായി രൂപാന്തരം പ്രാപിക്കുകയും അതിന് ജെഫേഴ്സൺ ഡേവിസ് നേതൃത്വം നൽകുകയും ചെയ്തു. ഇതംഗീകരിക്കാൻ യൂണിയൻ ഗവണ്മെന്റ് തയ്യാറായിരുന്നില്ല. സമവായത്തിനായുള്ള അവസാനശ്രമവും (ക്രിറ്റന്റൻ സമവായശ്രമം) പരാജയപ്പെട്ടതോടെ ഇരുപക്ഷവും യുദ്ധസന്നദ്ധമായി. തങ്ങൾ അവകാശപ്പെട്ട പ്രദേശങ്ങളിലെല്ലാം ആധിപത്യമുറപ്പിച്ച കോൺഫെഡറസി സേന ക്രമേണ പതിനൊന്ന് സംസ്ഥാനങ്ങളുടെ അധികാരമുറപ്പിക്കുകയായിരുന്നു. 1861 ഏപ്രിലിൽ യുദ്ധമാരംഭിച്ച ശേഷമായിരുന്നു ഈ നേട്ടം കോൺഫിഡറസി സേന നേടിയത്.

അബ്രഹാം ലിങ്കൺ(1861–1865) കാലഘട്ടത്തിലെ അമേരിക്കൻ പ്രസിഡന്റ്
ജെഫേഴ്സൺ ഡേവിസ് അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ ഏക പ്രസിഡന്റ് (1861–1865)

യുദ്ധമാരംഭിച്ചതോടെ തങ്ങളുടെ സൈനികശേഷി ഇരുവിഭാഗവും ഗണ്യമായി വർദ്ധിപ്പിച്ചു. നാല് വർഷം നീണ്ട പോരാട്ടങ്ങൾ പ്രധാനമായും തെക്കൻ സംസ്ഥാനങ്ങളിലാണ് കേന്ദ്രീകരിക്കപ്പെട്ടത്. 1861-62 കാലത്ത് പടിഞ്ഞാറൻ യുദ്ധമുഖങ്ങളിൽ നേട്ടം കരസ്ഥമാക്കിയ യൂണിയൻ സേനക്ക് പക്ഷേ കിഴക്കൻ മേഖലകളിൽ കാര്യമായ നേട്ടം കൊയ്യാനായില്ല. 1863 ജനുവരി ഒന്നിന് എബ്രഹാം ലിങ്കൺ അടിമത്തവിമോചന പ്രഖ്യാപനം നടത്തിയതോടെ അതും യുദ്ധവിജയത്തിന്റെ ലക്ഷ്യമായി മാറി. വിമതപ്രദേശങ്ങളിലെ എല്ലാ അടിമകളും സ്വതന്ത്രരാണെന്നതായിരുന്നു അതിന്റെ ഉള്ളടക്കം.

തുടർച്ചയായ യൂണിയൻ വിജയങ്ങൾക്കൊടുവിൽ 1865 മെയ് 25-ന് പിറ്റേഴ്സ്ബെർഗ് ഉപരോധം വിജയകരമായി അവസാനിച്ചതോടെ അഭ്യന്തരയുദ്ധത്തിന് വിരാമമായി. എന്നാൽ ഏപ്രിൽ 9-ന് കോൺഫെഡറസി ജനറൽ റോബർട്ട് ഇ. ലീ കീഴടങ്ങുന്നതോടെ തന്നെ അഭ്യന്തരയുദ്ധത്തിന് വിരാമമായതായി കണക്കാക്കുന്നവരുണ്ട്[3][4]. എന്നാണ് യുദ്ധം അവസാനിച്ചത് എന്നതിന് വ്യക്തമായ ഉത്തരം ലഭ്യമല്ല. എന്നാൽ 1865 ഏപ്രിൽ 15-ന് എബ്രഹാം ലിങ്കൺ വെടിയേറ്റ് കൊല്ലപ്പെട്ടു എങ്കിലും, വടക്കൻ (യൂണിയൻ) സേന വിജയം നേടുകതന്നെ ചെയ്തു.

ജൂൺ 23 വരെ തെക്കൻ സൈനികരുടെ കീഴടങ്ങൽ നീണ്ടുനിന്നു. കീഴടക്കപ്പെട്ട തെക്കൻ പ്രദേശങ്ങളിലെ റോഡ്, റെയിൽ, വാർത്താവിനിമയം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ എല്ലാം ഏതാണ്ട് തകർന്ന നിലയിലായിരുന്നു. 40 ലക്ഷം വരുന്ന അടിമകൾ സ്വതന്ത്രരാക്കപ്പെടുകയും അവരുടെ പൗരാവകാശങ്ങൾ സ്ഥാപിക്കപ്പെടുകയും ചെയ്തു. കോൺഫെഡറസി ഗവണ്മെന്റ് നിലംപതിച്ചു. ഫെഡറൽ ഗവണ്മെന്റ് രാജ്യത്തിന്റെ പുനർനിർമ്മാണത്തിന് തുടക്കമിട്ടു.

അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവരിക്കപ്പെടുകയും പഠനവിധേയമാവുകയും ചെയ്യപ്പെട്ട സംഭവവികാസങ്ങളാണ് ഈ കാലഘട്ടത്തിൽ നടന്നത്. ചരിത്രപരവും സാംസ്കാരികവുമായ സംവാദങ്ങൾക്ക് ഇന്നും ഇവ വിഷയീഭവിച്ചുകൊണ്ടിരിക്കുന്നു.വ്യാവസായിക വികാസം നടന്ന ശേഷമുള്ള ആദ്യയുദ്ധങ്ങളിലൊന്നായിരുന്നു അമേരിക്കൻ അഭ്യന്തരയുദ്ധം. റോഡുകൾ, റെയിലുകൾ, ആവിക്കപ്പലുകൾ, ടെലഗ്രാഫ്, കവചിത കപ്പലുകൾ, വ്യാവസായികമായി നിർമ്മിക്കപ്പെട്ട ആയുധങ്ങൾ തുടങ്ങിയവയൊക്കെ ഈ യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവുമധികം ജീവഹാനിയുണ്ടായ യുദ്ധവുമാണ് ഇത്. ഈ യുദ്ധത്തിന്റെ ഫലമായി വടക്കൻ സംസ്ഥാനങ്ങളിലെ 20 മുതൽ 45 വയസുവരെ പ്രായമുള്ള വെള്ളക്കാരായ പുരുഷൻമാരിൽ പത്തു ശതമാനവും തെക്കൻ സംസ്ഥാനങ്ങളിലെ 18 മുതൽ 40 വയസുവരെ പ്രായമുള്ള വെള്ളക്കാരായ പുരുഷൻമാരിൽ മുപ്പത് ശതമാനവും മരണമടഞ്ഞു.[5]

കാരണങ്ങൾ

അടിമത്തപ്രശ്നം

അടിമത്തസമ്പ്രദായം നിലനിർത്തണമോ വേണ്ടയോ എന്നുള്ള പ്രശ്നമായിരുന്നു സംഘർഷത്തിന്റെ അടിസ്ഥാനകാരണം. അടിമത്തം സാർവത്രികമായി അംഗീകരിക്കണമെന്ന് ദക്ഷിണ സംസ്ഥാനങ്ങൾ നിർബന്ധിച്ചപ്പോൾ വടക്കൻ സംസ്ഥാനങ്ങൾ അതിനെ എതിർത്തു. അമേരിക്കൻ സ്വാതന്ത്ര്യസമരകാലത്ത്(1776-83) മസാച്യുസെറ്റ്സ് ഒഴിച്ച് എല്ലാ അമേരിക്കൻ കോളനികളിലും അടിമത്തം നിലനിന്നിരുന്നു. കാലക്രമത്തിൽ പെൻസിൽവേനിയയുടെ ചില പ്രദേശങ്ങളിൽ അടിമത്തം നിർത്തൽ ചെയ്തു. അല്ലിഗനി പർവതനിരയുടെ പടിഞ്ഞാറും ഒഹായോ നദിയുടെ വടക്കും ഭാഗങ്ങളിലുള്ള പ്രദേശത്ത് 1787-ൽ നിയമംമൂലം അടിമത്തം നിരോധിച്ചു. തെക്കുഭാഗത്താകട്ടെ അടിമത്തനിരോധന നിയമം ഉണ്ടായിരുന്നില്ലെങ്കിലും വ്യക്തികൾ സ്വമേധയാ അവരുടെ അടിമകൾക്ക് സ്വാതന്ത്ര്യം നല്കിയിരുന്നു. കാലക്രമേണ ഓരോരോ സംസ്ഥാനങ്ങളിലായി അടിമക്കച്ചവടം നിർത്തലാക്കി. 1808-ൽ ഫെഡറൽ ഗവൺമെന്റു തന്നെ അടിമക്കച്ചവടം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമമുണ്ടാക്കി. വടക്കൻ സംസ്ഥാനങ്ങളിൽ വ്യവസായത്തിനും തെക്കൻ സംസ്ഥാനങ്ങളിൽ കൃഷിക്കും ആയിരുന്നു പ്രാധാന്യം. തെക്കൻ സംസ്ഥാനങ്ങളിലെ തോട്ടമുടമകൾക്കാണ് അടിമകളുടെ സേവനം അനിവാര്യമായിരുന്നത്. അവർ തങ്ങളുടെ അടിമകളോട് ദാക്ഷിണ്യത്തോടെ പെരുമാറിയിരുന്നു. അവരിൽ പലരും അടിമകൾക്ക് സ്വാതന്ത്ര്യം നല്കാനും സ്വന്തം നാടായ ആഫ്രിക്കയിലേക്കു മടങ്ങിപ്പോകണമെന്ന് ആഗ്രഹമുള്ളവർക്ക് അതിനു സൗകര്യം ചെയ്തുകൊടുക്കാനും സന്നദ്ധരായിരുന്നു.

പഞ്ഞി കടയുന്നതിനുള്ള ഒരു യന്ത്രം 1793-ൽ കണ്ടുപിടിക്കപ്പെട്ടു. അതു പ്രചാരത്തിലായതോടുകൂടി ദക്ഷിണസ്റ്റേറ്റുകളിലെ പഞ്ഞിത്തോട്ടമുടമകൾ വലിയ തോതിൽ പഞ്ഞി കൃഷി ചെയ്യുന്നത് ലാഭകരമാണെന്നു കണ്ട് അപ്രകാരമുള്ള ഉദ്യമത്തിൽ ഏർപ്പെടാൻ തുടങ്ങി. അതിനാൽ പഞ്ഞിത്തോട്ടത്തിൽ പണിയെടുക്കുന്നതിന് അടിമകളായ ധാരാളം നീഗ്രോകളെ ആവശ്യമായിവന്നു. അങ്ങനെ ദക്ഷിണസ്റ്റേറ്റുകളിലെ തോട്ടമുടമകൾക്ക് അടിമത്തസമ്പ്രദായം നിലനിർത്തുന്നതിൽ നിക്ഷിപ്തതാത്പര്യമുണ്ടായി. അടിമത്തം ദക്ഷിണ സ്റ്റേറ്റുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്നെങ്കിൽ സമരം പൊട്ടിപ്പുറപ്പെടാൻ ഇടയാകുമായിരുന്നില്ല. മിസിസിപ്പി നദിയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രദേശത്തുനിന്ന് യു.എസ്സിൽ ചേർന്ന പുതിയ ഘടകസ്റ്റേറ്റുകളിൽ അടിമത്തം അംഗീകരിക്കുന്നതിനെ സംബന്ധിച്ച് ഉത്തരദക്ഷിണ സ്റ്റേറ്റുകൾ തമ്മിലുണ്ടായ രൂക്ഷമായ താത്പര്യസംഘട്ടനമാണ് ആഭ്യന്തരയുദ്ധത്തിന് കളമൊരുക്കിയത്. 1787-ലെ നിയമം ഒളിച്ചോടിപ്പോകുന്ന അടിമകളെ പിടിച്ചേല്പിക്കാനുള്ള വ്യവസ്ഥയും ഉൾക്കൊണ്ടിരുന്നു. 1820-ൽ ഉണ്ടായ 'മിസ്സൗറി ഒത്തുതീർപ്പ്' (Missouri Compromise) അടിമത്തപക്ഷക്കാരായ ദക്ഷിണ സ്റ്റേറ്റുകളുടെ ഒരു വിജയമായിരുന്നു. 1803-ൽ ഫ്രഞ്ചു ചക്രവർത്തിയായ നെപ്പോളിയനിൽനിന്ന് ഒന്നരക്കോടി ഡോളർ കൊടുത്ത് യു.എസ്. വാങ്ങിയ ലൂയീസിയാന പ്രദേശത്തിന്റെ ഒരു ഭാഗമായിരുന്ന മിസ്സൌറിയെ ഫെഡറൽ ഗവൺമെന്റിന്റെ ഒരു സ്റ്റേറ്റായി അംഗീകരിക്കുന്ന പ്രശ്നം പരിഗണനയ്ക്കു വന്നപ്പോൾ അവിടെ അടിമത്ത സമ്പ്രദായത്തിന് നിയമസാധുത്വം നല്കുന്ന പ്രശ്നവും ഉന്നയിക്കപ്പെട്ടു. ഒടുവിൽ അടിമത്തം നിയമപരമായി അംഗീകരിച്ചിട്ടുള്ള സ്റ്റേറ്റ് എന്ന അടിസ്ഥാനത്തിൽ മിസ്സൌറിയെ യു.എസ്സിൽ ചേർക്കുന്നതിനും ലൂയീസിയാനയിൽ മിസ്സൌറിയൊഴിച്ചുള്ള പ്രദേശങ്ങളിൽ അടിമത്തം നിയമപരമായി നിരോധിച്ചുകൊണ്ടുമാണ് തീരുമാനമെടുത്തത്. അങ്ങനെ മിസ്സൌറിയെ ഒരു പുതിയ 'അടിമസ്റ്റേറ്റാ'യി തങ്ങളുടെ കൂട്ടത്തിൽ കിട്ടി എന്ന നേട്ടം ദക്ഷിണ സ്റ്റേറ്റുകൾക്കുണ്ടായി. അടിമകളുടെ ഉടമകളായ പല ജന്മിമാരും അടിമത്തത്തെ ആസ്പദമാക്കി നിലവിലിരുന്ന അഴിമതികളെ പരസ്യമായിത്തന്നെ അപലപിച്ചിരുന്നുവെങ്കിലും അടിമകളെ സ്വകാര്യസ്വത്തായി അനുഭവിക്കാനുള്ള നിയമപരമായ അവകാശം നിഷേധിക്കാവുന്നതല്ലെന്നു ശഠിച്ചു. വെള്ളക്കാരും കറുത്ത വർഗക്കാരായ നീഗ്രോകളും തമ്മിൽ യജമാനനും അടിമയും എന്ന രീതിയിലല്ലാതെ മറ്റൊരു തരത്തിലുള്ള ബന്ധവും വിഭാവനം ചെയ്യാൻ പാടില്ലെന്നും അവർ വാദിച്ചു. നീഗ്രോവർഗക്കാരനായ അടിമയുടെ ഗുണത്തിനു വേണ്ടിത്തന്നെയാണ് അവൻ അടിമയായിരിക്കേണ്ടതെന്നും കൂടി അവർ വാദിച്ചിരുന്നു. അടിമ, അടിമയല്ലാതായാൽ അവൻ മടിയനും തെണ്ടിയും തെമ്മാടിയും ദരിദ്രനുമായിത്തീർന്നു സ്വയം നശിച്ചുപോകുമെന്നായിരുന്നു അടിമത്തം നിലനിർത്താനുള്ളവരുടെ വാദം. ഈ അധാർമികമായ വാദത്തെ ഉത്തര സ്റ്റേറ്റുകളുടെ നേതാവായ എബ്രഹാം ലിങ്കൺ (1809-1865) എതിർത്തു. 'അടിമത്തം അധാർമികമല്ലെങ്കിൽ പിന്നെ യാതൊന്നും തന്നെ അധാർമികമാകയില്ല' എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എന്നിരുന്നാലും നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള അടിമത്തം റദ്ദു ചെയ്യുന്നത് ഭരണഘടനാലംഘനമായി തീരുമെന്നുള്ളതിനാൽ ദക്ഷിണ സ്റ്റേറ്റുകളിൽ നിലവിലുള്ള അടിമത്തം തുടർന്നുപോകുന്നതിൽ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ അഭിപ്രായഗതിക്കാരായ മിതവാദികൾക്കും എതിർപ്പുണ്ടായിരുന്നില്ല. പുതിയ സ്റ്റേറ്റുകളിലേക്കും അടിമത്തം നിലവിലില്ലാതിരുന്ന സ്റ്റേറ്റുകളിലേക്കും അതു വ്യാപിപ്പിക്കരുതെന്നു മാത്രമേ അവർക്കു നിർബന്ധമുണ്ടായിരുന്നുള്ളു. എന്നാൽ അടിമത്തം നിശ്ശേഷം ഉൻമൂലനം ചെയ്യണമെന്നു ശഠിച്ചിരുന്ന ഒരു കൂട്ടം തീവ്രവാദികളും ഉത്തര സ്റ്റേറ്റുകളിലുണ്ടായിരുന്നു. 'അബോളിഷനിസ്റ്റുകൾ' എന്നറിയപ്പെട്ടിരുന്ന ഇവർ വില്യം ലോയിഡ് ഗാരിസന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി. അടിമകളുടെ ഉടമകൾക്കു നഷ്ടപരിഹാരം നല്കാതെ അടിമത്തം അവസാനിപ്പിക്കാനായിരുന്നു ഇവരുടെ സംരംഭം. ഇത് ദക്ഷിണ സ്റ്റേറ്റുകളിലെ യജമാനന്മാരുടെ ഇടയിൽ രൂക്ഷമായ എതിർപ്പുളവാക്കി; അമേരിക്കൻ യൂണിയനിൽനിന്നു വിട്ടുപോകാൻ ദക്ഷിണ സ്റ്റേറ്റുകൾക്ക് ഇത് പ്രേരണ നല്കുകയും ചെയ്തു.

താത്പര്യസംഘട്ടനം

Status of the states, 1861.
   States that seceded before April 15, 1861
   States that seceded after April 15, 1861
   Union states that permitted slavery
   Union states that banned slavery
   Territories
The Union: blue, yellow (slave);
The Confederacy: brown
*territories in light shades; control of Confederate territories disputed


ഉത്തരദക്ഷിണ സ്റ്റേറ്റുകൾ തമ്മിലുള്ള ഭിന്നത വർധിക്കാനുള്ള മറ്റൊരു പ്രധാന കാരണം ഉത്തര സ്റ്റേറ്റുകൾ തങ്ങളുടെമേൽ മേധാവിത്വം സ്ഥാപിക്കാൻ ഉദ്യമിക്കുന്നുവെന്നുള്ള ദക്ഷിണസ്റ്റേറ്റുകളുടെ ധാരണയായിരുന്നു. ജനസംഖ്യയിലും വിഭവശേഷിയിലും ഇരുകൂട്ടരും തമ്മിൽ അസമത്വമുണ്ടായിരുന്നു. 1820-ൽ ഉത്തര സ്റ്റേറ്റുകളുടെ ജനസംഖ്യ ദക്ഷിണ സ്റ്റേറ്റുകളുടേതിനെക്കാൾ അധികമായിരുന്നു. അതിനാൽ ഫെഡറൽ നിയമസഭയുടെ അധോമണ്ഡലമായ ജനപ്രതിനിധിസഭയിൽ ജനസംഖ്യാനുപാതികമായി ഉത്തര സ്റ്റേറ്റുകൾക്കു കൂടുതൽ പ്രാതിനിധ്യം കിട്ടിയപ്പോൾ ദക്ഷിണ സ്റ്റേറ്റുകൾക്ക് കുറച്ചു സീറ്റുകളേ കിട്ടിയിരുന്നുള്ളു. ഇതുനിമിത്തം യു.എസ്. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന 'ഇലക്ടറൽ കോളജി'ൽ ഉത്തര സ്റ്റേറ്റുകൾക്ക് എപ്പോഴും ഭൂരിപക്ഷം കിട്ടുമെന്നുള്ളതുകൊണ്ട്, ദക്ഷിണ സ്റ്റേറ്റുകൾക്ക് അവരുടേതായ ഒരു പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുവാൻ സാധിക്കുമെന്നു പ്രതീക്ഷിക്കാൻ വഴിയില്ലായിരുന്നു. ഫെഡറൽ ഭരണഘടനയിലെ വ്യവസ്ഥപ്രകാരം ഒരടിമ 3/5 ഭാഗം വെള്ളക്കാരനു തുല്യമായിരുന്നു. അതിനാൽ ദക്ഷിണ സ്റ്റേറ്റുകൾക്ക് കോൺഗ്രസ്സിൽ 20 സീറ്റ് കിട്ടിയിരുന്നു. ഇത് ഉത്തര സ്റ്റേറ്റുകളിലെ ജനങ്ങളെയും അതൃപ്തരാക്കി. കാലം ചെല്ലുംതോറും ഉത്തര ദക്ഷിണ സ്റ്റേറ്റുകൾ തമ്മിലുള്ള വിരോധം വർധിച്ചുവന്നു. ദക്ഷിണ സ്റ്റേറ്റുകാർ പൊതുവേ കൃഷിക്കാരായിരുന്നതിനാൽ അവർ ഉത്പാദിപ്പിച്ചിരുന്ന അസംസ്കൃതസാധനങ്ങൾ അന്യരാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിൽ തത്പരരായിരുന്നു. തന്നിമിത്തം അവർ കയറ്റുമതി നികുതിക്കു മാത്രമല്ല, അന്യരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വ്യാവസായികോത്പന്നങ്ങളിൽ ഇറക്കുമതി നികുതി ഈടാക്കുന്നതിനും എതിരായിരുന്നു. ഉത്തര സ്റ്റേറ്റുകൾ വ്യാവസായിക സ്റ്റേറ്റുകളായിരുന്നതിനാൽ അവരുടെ ഉത്പന്നങ്ങൾക്ക് വിദേശച്ചരക്കുകളുടെ മത്സരം കൊണ്ട് വില കുറഞ്ഞുപോകാതിരിക്കാൻവേണ്ടി ഇറക്കുമതി നികുതി ചുമത്തുന്നതിൽ തത്പരരായിരുന്നു. രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് കേന്ദ്രത്തിൽ ശക്തിയുള്ള ഒരു ഭരണകൂടം വേണമെന്ന പക്ഷക്കാരായിരുന്നു ഉത്തര സ്റ്റേറ്റുകാർ. അതിനാൽ അവർ യൂണിയനിൽനിന്നു വിട്ടുപോകുന്നതിനോട് എതിരായിരുന്നു. ദക്ഷിണ സ്റ്റേറ്റുകൾ കേന്ദ്ര ഗവൺമെന്റിന്റെ അധികാരം ഏറ്റവും പരിമിതമായിരിക്കണമെന്നുള്ള പക്ഷക്കാരായിരുന്നു. ഓരോ ഘടകസ്റ്റേറ്റും സ്വമനസാലെ ഫെഡറൽ യൂണിയനിൽ ചേർന്നിട്ടുള്ളതാകയാൽ യൂണിയനിൽനിന്നു വിട്ടുപോകാൻ ഘടകസ്റ്റേറ്റുകൾക്ക് പരിപൂർണ സ്വാതന്ത്യ്രമുണ്ടെന്നായിരുന്നു ദക്ഷിണ സ്റ്റേറ്റുകാരുടെ വാദം. തങ്ങളുടെ താത്പര്യത്തിനെതിരായി യൂണിയൻ ഗവൺമെന്റുണ്ടാക്കുന്ന നിയമങ്ങൾ നിരാകരിക്കാൻ ഘടകസ്റ്റേറ്റുകൾക്കു നിയമാനുസൃതമായ അവകാശമുണ്ടെന്ന് അവർ ശഠിച്ചു.

യു.എസ്. മെക്സിക്കോയിൽനിന്നു പിടിച്ചെടുത്ത പ്രദേശങ്ങൾ 'അടിമരാജ്യങ്ങൾ' ആയിരിക്കണമോ 'സ്വതന്ത്രരാജ്യങ്ങൾ' ആയിരിക്കണമോ എന്നുള്ള തർക്കമുണ്ടായി. മെക്സിക്കോയുടെ കൈവശമായിരുന്നപ്പോൾ അടിമത്തമില്ലാതിരുന്ന ടെക്സാസ് യു.എസ്സിന്റെ കൈവശമായപ്പോൾ, ദക്ഷിണ സ്റ്റേറ്റുകാരുടെ ആഗ്രഹപ്രകാരം 'അടിമരാജ്യം' ആയിത്തീർന്നതിൽ ഉത്തര സ്റ്റേറ്റുകാർക്ക് വലിയ അമർഷമുണ്ടായി. മെക്സിക്കോയിൽനിന്നു പിടിച്ചെടുത്ത മറ്റൊരു പ്രദേശമായ കാലിഫോർണിയയിലെ ജനത സ്വയം നിർണയാവകാശം ഉപയോഗപ്പെടുത്തിയുണ്ടാക്കിയ ഭരണഘടനയിൽ അടിമത്തം നിരോധിക്കുകയും ഈ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടു കാലിഫോർണിയയെ ഫെഡറൽ യൂണിയന്റെ ഘടകസ്റ്റേറ്റായി സ്വീകരിക്കുകയും ചെയ്തതിൽ ദക്ഷിണ സ്റ്റേറ്റുകാരും പ്രക്ഷുബ്ധരായി. ഉത്തരദക്ഷിണ സ്റ്റേറ്റുകൾ തമ്മിൽ സംഘട്ടനം അനിവാര്യമാണെന്നുളള ഘട്ടത്തിലെത്തി. എന്നാൽ രാജ്യതന്ത്രജ്ഞരായ ഹെന്റി ക്ലേ (1777-1852), ഡാനിയൽ വെബ്സ്റ്റർ (1782-1852) തുടങ്ങിയ മധ്യസ്ഥന്മാരുടെ പരിശ്രമംമൂലം 1850-ൽ ഒരു ഒത്തുതീർപ്പുണ്ടാക്കിയതിന്റെ ഫലമായി തത്ക്കാലം സമരം ഒഴിവാക്കപ്പെട്ടു. കാലിഫോർണിയയെ അടിമത്തമംഗീകരിക്കാത്ത സ്റ്റേറ്റായിത്തന്നെ ഫെഡറൽ യൂണിയനിൽ ചേർക്കുക, മെക്സിക്കോയിൽനിന്നു പിടിച്ചെടുത്ത മറ്റു പ്രദേശങ്ങളിൽ അടിമത്തത്തെക്കുറിച്ചു പ്രത്യേക വ്യവസ്ഥ ചെയ്യാതെ ഗവൺമെന്റുകൾ സ്ഥാപിക്കുക, 'അടിമത്ത' സ്റ്റേറ്റുകളിൽനിന്ന് ഒളിച്ചോടിപ്പോയി അടിമത്തരഹിത സ്റ്റേറ്റുകളിൽ അഭയം പ്രാപിക്കുന്ന അടിമകളുടെമേലുള്ള ശിക്ഷാനടപടികൾ കൂടുതൽ കർക്കശമാക്കുന്ന അടിമത്തനിയമം യൂണിയൻ കോൺഗ്രസ് പാസാക്കുക എന്നിവയായിരുന്നു ഒത്തുതീർപ്പിലെ വ്യവസ്ഥകളിൽ ചിലത്. ഈ 'ഒത്തുതീർപ്പ്' ദക്ഷിണ സ്റ്റേറ്റുകൾക്ക് ഒരു വിജയമായിരുന്നു. എന്തെന്നാൽ അഭയാർഥി അടിമനിയമം (Fugitive Slave Law) ദക്ഷിണ സ്റ്റേറ്റുകാരുടെ അഭിലാഷപ്രകാരം ഉത്തര സ്റ്റേറ്റുകാരുടെ മേൽ അടിച്ചേല്പിക്കുകയാണുണ്ടായത്.

1854-ൽ കൻസാസ്-നെബ്രാസ്ക നിയമം കോൺഗ്രസ് പാസാക്കിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഈ നിയമം 1820-ലെ മിസ്സൌറി ഒത്തുതീർപ്പു റദ്ദുചെയ്യുകയും നെബ്രാസ്ക പ്രദേശത്തെ കാൻസസ്, നെബ്രാസ്ക എന്നു രണ്ടു സ്റ്റേറ്റുകളായി വേർതിരിക്കുകയും ഓരോ സ്റ്റേറ്റിലും അടിമത്തം അംഗീകരിക്കണമോ വേണ്ടയോ എന്ന് അവിടത്തെ (അടിമകളല്ലാത്ത) ജനങ്ങൾ തീരുമാനിക്കാൻ വിട്ടുകൊടുക്കണമെന്നു വ്യവസ്ഥ ചെയ്യുകയും ചെയ്തു. ഈ നിയമം അടിമത്തവിരോധികളായ ഉത്തര സ്റ്റേറ്റുകൾക്ക് ഒരു കനത്ത പ്രഹരമായിരുന്നു. ഈ പരിതഃസ്ഥിതിയിൽ അടിമത്തത്തിനെതിരായി ഉത്തര സ്റ്റേറ്റുകളിൽ റിപ്പബ്ളിക്കൻ പാർട്ടി എന്നു പേരായി ഒരു കക്ഷി ഉടലെടുത്തു. കൻസാസിൽ അടിമത്തവാദികളും അടിമത്തവിരോധികളും തമ്മിൽ 1856-ൽ സംഘട്ടനമുണ്ടായി. യൂണിയൻ ഗവൺമെന്റിന്റെ സൈന്യം ഇടപെട്ടതുനിമിത്തം പരസ്യമായ ഏറ്റുമുട്ടലിനു വിരാമമുണ്ടായെങ്കിലും ഇരുകൂട്ടരും തമ്മിൽ ഒളിപ്പോർ തുടർന്നുകൊണ്ടിരുന്നു.

ഡ്രെഡ്സ്കോട്ട് കേസ്

1857-ലെ ഡ്രെഡ് സ്കോട്ട് വിധിന്യായമായിരുന്നു ഇരുകക്ഷികളും തമ്മിലുള്ള ശീതസമരത്തിൽ അടിമത്തവാദികളുടെ അവസാനവിജയം. മിസ്സൌറിയിൽ താമസിച്ചിരുന്ന ഒരു അടിമയായിരുന്നു ഡ്രെഡ് സ്കോട്ട്. അയാളുടെ യജമാനൻ അയാളെ ഒരു സ്വതന്ത്രസ്റ്റേറ്റായ ഇലിനോയിയിലേക്കും അവിടെനിന്ന് അടിമത്ത നിരോധിതപ്രദേശമായ നോർത്ത് ലൂയീസിയാനയിലേക്കും കൊണ്ടുപോയി. സ്വതന്ത്രസ്റ്റേറ്റിൽ വന്ന സ്കോട്ട് സ്വാതന്ത്യ്രം സ്ഥാപിച്ചുകിട്ടാൻ വേണ്ടി വ്യവഹാരത്തിനു പോവുകയും കേസ് സുപ്രീംകോടതിയിൽ എത്തുകയും ചെയ്തു. സുപ്രീംകോടതിവിധി സ്കോട്ടിനു പ്രതികൂലമായിരുന്നുവെന്നുമാത്രമല്ല, അടിമത്തവിരോധികൾക്ക് അതികഠിനമായ ആഘാതവുമായിരുന്നു. അടിമയായ നീഗ്രോയ്ക്കും അയാളുടെ സന്തതിപരമ്പരകൾക്കും യു.എസ്സിലെ പൗരത്വത്തിനവകാശമില്ലെന്നും [6]യൂണിയൻ നിയമസഭയ്ക്കു ഘടകസ്റ്റേറ്റുകളിൽ അടിമത്തം നിരോധിക്കാൻ അധികാരമില്ലെന്നും അതിനാൽ മിസ്സൗറി ഒത്തുതീർപ്പുപ്രകാരമുള്ള കേന്ദ്രനിയമം ഭരണഘടനാ വിരുദ്ധമാണെന്നുമായിരുന്നു വിധിന്യായം. ഈ വിധിന്യായത്തിൽ അടിമത്തവാദികളായ ദക്ഷിണ സ്റ്റേറ്റുകൾ ആഹ്ലാദിച്ചപ്പോൾ ഉത്തര സ്റ്റേറ്റുകളിൽ സംഭ്രമമുളവായി. ഡ്രെഡ് സ്കോട്ട് വിധിന്യായം ആഭ്യന്തരയുദ്ധത്തിന്റെ പ്രമുഖ കാരണങ്ങളിലൊന്നാണ്.

ലിങ്കന്റെ അധികാരപ്രാപ്തി

എബ്രഹാം ലിങ്കണെ 1860-ൽ യു.എസ്. പ്രസിഡണ്ടായി തെരഞ്ഞെടുത്തതാണു യുദ്ധം പൊട്ടിപ്പുറപ്പെടാൻ പെട്ടെന്നുണ്ടായ കാരണം.[7] അടിമത്തം വ്യാപിപ്പിക്കുന്നതിനെ ചെറുക്കാൻ 6 വർഷം മുൻപ് ഉടലെടുത്ത റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായിട്ടാണു ലിങ്കൺ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം യുദ്ധപ്രഖ്യാപനത്തിനു തുല്യമായിട്ടാണു ദക്ഷിണ സ്റ്റേറ്റുകൾ വീക്ഷിച്ചത്. 'പകുതി അടിമയും പകുതി സ്വതന്ത്രവു'മായി ഒരു ജനതയ്ക്കു നിലനില്ക്കാൻ സാധ്യമല്ലെന്നു പ്രസിഡന്റ് പദത്തിൽ അവരോധിക്കപ്പെടുന്നതിനു രണ്ടു കൊല്ലം മുൻപു പ്രഖ്യാപിച്ച എബ്രഹാം ലിങ്കന്റെ തെരഞ്ഞെടുപ്പു വിജയം അടിമത്തത്തിൽ വിശ്വസിച്ചിരുന്ന ദക്ഷിണ സ്റ്റേറ്റുകൾക്ക് പൊറുക്കാവുന്നതല്ലായിരുന്നു. ലിങ്കൺ തെരഞ്ഞെടുപ്പിൽ ജയിച്ചതായി വ്യക്തമായതോടുകൂടി 1860 സെപ്റ്റംബർ 20-ന് സൌത്ത് കരോലിന യൂണിയനിൽനിന്നു വിട്ടുപിരിഞ്ഞതായി പ്രഖ്യാപിച്ചു. ഈ വിഘടനവ്യഗ്രത മറ്റു സ്റ്റേറ്റുകളിലേക്കും വ്യാപിച്ചു. 1861 ഫെ. 8-ന് യൂണിയനിൽനിന്നു വിട്ടുപിരിഞ്ഞുപോയ 7 സ്റ്റേറ്റുകളുടെ പ്രതിനിധികൾ അലബാമാ സ്റ്റേറ്റിലെ മോണ്ട്ഗോമറിയിൽ ഒന്നിച്ചുകൂടി അമേരിക്കൻ കോൺഫെഡറേറ്റ് സ്റ്റേറ്റുകൾ (Confederate States of America) എന്ന പേരിൽ ഒരു പുതിയ രാഷ്ട്രത്തിനു രൂപം നല്കി. മിസിസിപ്പി, ഫ്ലോറിഡ, അലബാമ, ജോർജിയ, ലുയീസിയാന, ടെക്സസ്, തെക്കൻ കരൊലൈനഎന്നിവയായിരുന്നു മേല്പറഞ്ഞ സ്റ്റേറ്റുകൾ. നീഗ്രോ അടിമത്തത്തിന് അംഗീകാരവും സംരക്ഷണവും നല്കുന്ന വ്യവസ്ഥകൾ ഇവർ തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിലുള്ള യൂണിയൻ ഭരണഘടനയോടുള്ള കൂറു പിൻവലിക്കുന്ന പ്രഖ്യാപനവും ഇതോടുകൂടിത്തന്നെയുണ്ടായി. മോണ്ട് ഗോമറിയിൽ വിട്ടുപോകൽ-വാദികൾ (Secessionists) ആയ 7 സ്റ്റേറ്റുകളുടെ കോൺഗ്രസ് സമ്മേളിച്ച ദിവസം തന്നെ വാഷിങ്ടണിൽ ദക്ഷിണ സ്റ്റേറ്റുകളുടെയും എല്ലാ ഉത്തര സ്റ്റേറ്റുകളുടെയും പ്രതിനിധികൾ കൂടിച്ചേർന്ന് ഒരു സമാധാന കോൺഗ്രസ് നടത്തി. എന്നാൽ ഈ കോൺഗ്രസ്സിലെ ചർച്ചകൾ സമാധാനമുണ്ടാക്കാൻ പര്യാപ്തമായില്ല. കെന്റക്കി സ്റ്റേറ്റിലെ സെനറ്റംഗമായ ക്രിറ്റൻഡൺ നടത്തിയ ഒത്തുതീർപ്പു ശ്രമങ്ങൾ അടിമത്തം പുതിയ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്ന നിർദ്ദേശത്തെ ലിങ്കൺ ശക്തിയായി എതിർത്തതിന്റെ ഫലമായി പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ യുദ്ധം അനിവാര്യമായിത്തീർന്നു.

പ്രധാന സംഭവങ്ങൾ

ആളുകൊണ്ടും അർഥം കൊണ്ടും കൂടുതൽ ശക്തി ഉത്തര സ്റ്റേറ്റുകൾക്കായിരുന്നു. ഉത്തര സ്റ്റേറ്റുകൾ മാത്രമല്ല, യൂണിയനിൽ പുതുതായി അംഗത്വം ലഭിച്ച പശ്ചിമസ്റ്റേറ്റുകളും തെക്കൻ സ്റ്റേറ്റുകളിൽത്തന്നെ ഡെലവെയർ, മെരിലാൻ‌ഡ്, കെന്റക്കി, മിസോറി എന്നിവയും യൂണിയൻ പക്ഷത്തായിരുന്നു. സമരം തുടങ്ങുമ്പോൾ യൂണിയനിൽ ആകെ 40 ഘടകസ്റ്റേറ്റുകൾ ഉണ്ടായിരുന്നതിൽ 29-ഉം ഉത്തരപക്ഷത്തായിരുന്നു. ഉത്തരപക്ഷത്തെ ആകെ ജനസംഖ്യ 2,27,00,000-ഉം ദക്ഷിണപക്ഷത്തിന്റേത് 87,00,000-ഉം ആയിരുന്നു. വ്യവസായശാലകൾ,ഗതാഗതസൗകര്യം, ഭക്ഷ്യവിഭവങ്ങൾ, നാണയസമ്പത്ത്, കരസൈന്യം, കടൽസൈന്യം, യുദ്ധക്കപ്പലുകൾ എന്നിവയെല്ലാം ഉത്തര സ്റ്റേറ്റുകൾക്കു ദക്ഷിണ സ്റ്റേറ്റുകളെക്കാൾ കൂടുതൽ ഉണ്ടായിരുന്നു. ദക്ഷിണ സ്റ്റേറ്റുകളുടെ കുത്തകയായ വൻതോതിലുള്ള പഞ്ഞി കയറ്റുമതി, ഉത്തര സ്റ്റേറ്റുകൾക്കില്ലാത്ത ഒരു മെച്ചമായിരുന്നു. കൂടാതെ കൂടുതൽ വിദഗ്ദ്ധന്മാരായ സൈന്യത്തലവന്മാരും അവരുടെ ഭാഗത്തായിരുന്നു. ദൈർഘ്യമേറിയ സമുദ്രതീരവും കൂടുതൽ വിദേശസഹായ സാധ്യതയും അവർക്കായിരുന്നു. മാത്രമല്ല, യുദ്ധരംഗങ്ങൾ അവരുടെ നാട്ടിൽത്തന്നെയായിരുന്നുവെന്നുള്ളതു പ്രതിയോഗികൾക്കു പ്രതികൂലാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു.

1861 ഏ. 12-ന് സൗത്ത് കരോലിന ഫോർട്ട് സംറ്റർലെ യൂണിയൻ വക വെടിക്കോപ്പു സംഭരണശാലയെ ആക്രമിച്ചതോടുകൂടിയാണു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 75,000 സന്നദ്ധഭടന്മാരെ 3 മാസത്തെ സേവനത്തിനയയ്ക്കണമെന്നു യൂണിയനോടു കൂറുള്ള സ്റ്റേറ്റുകളിലെ ഗവർണർമാരോട് ആഹ്വാനം ചെയ്യുന്ന ഒരു പ്രഖ്യാപനം ഏ. 15-ന് ലിങ്കൺ പുറപ്പെടുവിച്ചു. ഇതിൽ പ്രതിഷേധിച്ച് വിർജീനിയ, അർക്കൻസാ, വടക്കൻ കരൊലൈന, ടെന്നസി എന്നീ സ്റ്റേറ്റുകൾ യൂണിയനിൽനിന്നു വിട്ടുപിരിഞ്ഞ് 'കോൺഫെഡറസി' (ദക്ഷിണ സ്റ്റേറ്റുകളുടെ യൂണിയൻ) യിൽ ചേർന്നതായി പ്രഖ്യാപിച്ചു. യൂണിയൻ ഗവൺമെന്റിന്റെ പ്രധാന ലക്ഷ്യം, കോൺഫെഡറസിയുടെ തലസ്ഥാനമായ റിച്ച്മണ്ട് നഗരം പിടിച്ചടക്കുക, മിസിസിപ്പി നദിയുടെ നിയന്ത്രണം സ്വാധീനമാക്കുക, കോൺഫെഡറസിയുടെ തുറമുഖങ്ങൾ നിരോധിക്കുക എന്നിവയായിരുന്നു. കോൺഫെഡറസിയുടെ സേനാനായകൻമാരായ റോബർട്ട് ലീ (1807-70), ജോസഫ് ജോൺസ്റ്റൻ (1807-91), തോമസ് ജാക്സൺ (1824-63) എന്നിവർക്കു റിച്ച്മണ്ട് നഗരത്തെ ശത്രുസൈന്യത്തിന്റെ ആക്രമണത്തിൽനിന്നു രക്ഷിക്കാൻ യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ സാധിച്ചിരുന്നു.

1861 ഏ. 12-ന് ആരംഭിച്ച ആഭ്യന്തരയുദ്ധം 1865 ഏ. 9-ന് വരെ നാലു വർഷം നീണ്ടുനിന്നു. ആദ്യത്തെ രണ്ടു വർഷം വിജയം ദക്ഷിണ സ്റ്റേറ്റുകൾക്കായിരുന്നു. 1861 ജൂല. 21-ന് പശ്ചിമ വെർജീനിയയിൽ നടന്ന ഒന്നാം ബുൾറൺ യുദ്ധത്തിൽ യൂണിയൻ സൈന്യം റിച്ച്മണ്ട് പിടിച്ചടക്കാനുള്ള പരിശ്രമത്തിൽ പരാജയപ്പെട്ട് പലായനം ചെയ്യേണ്ടിവന്നു. ഈ പരാജയം യൂണിയൻ സൈന്യനേതൃത്വത്തെ കൂടുതൽ ജാഗരൂകരാക്കി. 1862 ഏ.-ലിൽ ജനറൽ മക് ക്ലല്ലന്റെ നേതൃത്വത്തിൽ ഒരു സൈന്യം ജലമാർഗ്ഗം റിച്ച്മണ്ട് നഗരത്തിന്റെ നേർക്കുനീങ്ങി. എന്നാൽ ജോൺസ്റ്റന്റെയും റോബർട്ട് ലീയുടെയും നേതൃത്വത്തിലുള്ള 'കോൺഫെഡറേറ്റ്' സൈന്യം റിച്ച്മണ്ടിനെ രക്ഷപ്പെടുത്തി. അതിന്റെ പരിസരത്തിൽ ജൂൺ 25 മുതൽ ജൂല. 1-ന് വരെ ഏഴുദിവസം നീണ്ടുനിന്ന ഘോരയുദ്ധത്തിനുശേഷം മക് ക്ലല്ലന്റെ സൈന്യം പിന്മാറേണ്ടിവന്നു. പിന്നീട് ജനറൽ ലീ, ഉത്തര സ്റ്റേറ്റുകളുടെ കൈവശമുള്ള വാഷിങ്ടൺ ലക്ഷ്യമാക്കിക്കൊണ്ടു തള്ളിക്കയറി. ജനറൽ പോപ്പിന്റെ നേതൃത്വത്തിലുള്ള യൂണിയൻ സൈന്യത്തെ ആഗ. 30-ന് ജനറൽ ജാക്സൺ രണ്ടാം ബുൾറൺ യുദ്ധത്തിൽ തോല്പിച്ചു. അതിനെത്തുടർന്ന് കോൺഫെഡറേറ്റ് സൈന്യം മേരിലാൻഡ് ആക്രമിച്ചു. 1862 സെപ്. 17-ന് അന്റീറ്റം എന്ന സ്ഥലത്തുവച്ച് ലീയുടെ നേതൃത്വത്തിലുള്ള കോൺഫെഡറേറ്റു സൈന്യവും മക് ക്ലല്ലന്റെ നേതൃത്വത്തിലുള്ള യൂണിയൻ സൈന്യവും ഏറ്റുമുട്ടി. സംഘട്ടനത്തിന്റെ ഫലമായി ലീയുടെ സൈന്യം പിൻമാറേണ്ടിവന്നു. എന്നാൽ ഈ പലായനം വേണ്ടപോലെ പ്രയോജനപ്പെടുത്താൻ മക് ക്ലല്ലന് കഴിഞ്ഞില്ല. അതിനാൽ ലിങ്കൺ അദ്ദേഹത്തെ സൈനിക നേതൃത്വത്തിൽനിന്ന് ഒഴിവാക്കി; തത്സ്ഥാനത്ത് ജനറൽ ബേൺസൈഡിനെ നിയമിച്ചു. എന്നാൽ 1862 ഡി. 13-ന് ഫ്രെഡറിക്സ്ബർഗിൽ വച്ച് ജനറൽ ലീ അദ്ദേഹത്തെ പരാജയപ്പെടുത്തി. ബേൺസൈഡിന്റെ പിൻഗാമിയായ ജനറൽ ഹുക്കറെ 1863 മേയിൽ ചാൻസലേഴ്സ് വില്ലിൽ വച്ചു ജനറൽ ലീ തോല്പിച്ചു. അതിനെത്തുടർന്ന് ഉത്തര സ്റ്റേറ്റുകൾ ആക്രമിക്കാൻ ജനറൽ ലീ പദ്ധതി തയ്യാറാക്കി. എന്നാൽ 1863 ജൂല. 1 മുതൽ 3 വരെ പെൻസിൽവേനിയയിലെ ഗെറ്റിസ്ബെർഗ് നഗരത്തിൽ വച്ചുനടന്ന യുദ്ധത്തിൽ ജനറൽ ലീയുടെ സൈന്യത്തിനു പരാജയം നേരിട്ടു പിൻവാങ്ങേണ്ടതായി വന്നു. ആഭ്യന്തരയുദ്ധത്തിലെ ഏറ്റവും നിർണായകമായ സമരമായിരുന്നു ഗെറ്റിസ്ബെർഗ് യുദ്ധം. ഇതു കോൺഫെഡറേറ്റ് സൈന്യത്തിന്റെ തുടർച്ചയായ പരാജയത്തിന്റെ പ്രാരംഭമായിരുന്നു. ഇതിനിടയിൽ 1863 ജനു. 1-ന് അടിമത്തത്തിനെതിരായി ലിങ്കന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനമുണ്ടായി. യൂണിയനെതിരായി ലഹള തുടങ്ങിയിട്ടുള്ള എല്ലാ സ്റ്റേറ്റുകളിലെയും അടിമകൾക്കു മോചനം നല്കിക്കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്.

ഉത്തര സ്റ്റേറ്റുകളുടെ വിജയം

റിച്ച്മണ്ട് നഗരം കൈവശപ്പെടുത്താൻ ചെയ്ത ശ്രമത്തെക്കാൾ കൂടുതൽ ഫലപ്രദമായിരുന്നു യൂണിയൻ സൈന്യം മിസിസിപ്പി നദിയുടെ നിയന്ത്രണം കൈക്കലാക്കാൻ നടത്തിയത്. 1862-ൽ ജനറൽ ഗ്രാന്റ്, ടെനീസി, കംബർലാൻഡ് എന്നീ നദികളിലെ കോൺഫെഡറേറ്റ് സൈന്യങ്ങളുടെ സംരക്ഷണനിരകളെ തകർക്കാനായി മുന്നേറുകയും 1862 ഏ. 6, 7 എന്നീ തീയതികളിൽ ഷിലോ എന്ന സ്ഥലത്തുവച്ചു നടന്ന ഘോരയുദ്ധത്തിൽ ശത്രുസൈന്യത്തിന്റെ ആക്രമണത്തെ വിജയപൂർവം ചെറുക്കുകയും ചെയ്തു. മിസിസിപ്പി നദീതീരത്തെ പ്രധാനപട്ടണമായ വിക്സ്ബർഗ് കൈവശം വച്ചുകൊണ്ടിരുന്ന കോൺഫെഡറേറ്റു സൈന്യം ആറാഴ്ചക്കാലം ചെറുത്തുനിന്നതിനുശേഷം ജനറൽ ഗ്രാന്റിന്റെ ആക്രമണത്തിനു കീഴടങ്ങി. വിക്സ്ബർഗ് പിടിച്ചടക്കിയതോടുകൂടി മിസിസിപ്പി നദി പരിപൂർണമായും യൂണിയൻ സൈന്യത്തിന്റെ സ്വാധീനത്തിലായി.

1861 ഏ.-ൽ എബ്രഹാം ലിങ്കൺ സൗത്ത് കരോലിന മുതൽ ഫ്ളോറിഡവരെയുള്ള അറ്റ്‌ലാന്തിക് സമുദ്രതീരത്തിന്റെമേൽ ഉപരോധം പ്രഖ്യാപിച്ചു. ഇതു കോൺഫെഡറസിയെ പട്ടിണിക്കിട്ടു കീഴടക്കാനുള്ള ശ്രമമായിരുന്നു. ഇതിന്റെ ഫലമായി ദക്ഷിണ സ്റ്റേറ്റുകൾ ദുരിതം അനുഭവിക്കേണ്ടിവന്നു. ഭക്ഷ്യസാധനങ്ങളും വസ്ത്രവും ചെരിപ്പും ഔഷധങ്ങളും മറ്റും കിട്ടാൻ നിവൃത്തിയില്ലാതെ അവർ വളരെ കഷ്ടപ്പെട്ടു.

യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ കോൺഫെഡറേറ്റ് സൈന്യം ധീരോദാത്തതയോടെ പൊരുതിയെങ്കിലും അടിക്കടി പരാജയപ്പെട്ടുകൊണ്ടിരുന്നു. 1863 ന. 23-25 തീയതികളിൽ ചട്ടനൂഗയിൽവച്ചു നടന്ന യുദ്ധത്തിൽ യൂണിയൻ സൈന്യം ശത്രുസൈന്യത്തെ ടെനീസിയിൽനിന്ന് ഓടിച്ച് ജോർജിയയിലേക്കുള്ള തങ്ങളുടെ പ്രവേശനം സുഗമമാക്കി. 1864 മേയിൽ ജനറൽ ഷെർമാൻ ഒരു ലക്ഷത്തോളം വരുന്ന സൈന്യത്തോടുകൂടി ജോർജിയ ആക്രമിക്കുകയും സെപ്. 1-ന് കോൺഫെഡറേറ്റു സൈന്യത്തിൽ നിന്ന് അറ്റ്ലാന്റ പിടിച്ചെടുക്കുകയും ചെയ്തു(അറ്റ്ലാന്റാ യുദ്ധം). അവിടെനിന്നു ഷെർമാൻ തെ.കിഴക്കോട്ടു നീങ്ങി ഡി. 12-ന് കടൽത്തീരത്തെത്തി. ഡി. 20-ന് കോൺഫെഡറേറ്റു സൈന്യം സവാനാ ഉപേക്ഷിച്ചു. പിന്നീട് ഷെർമാൻ വടക്കോട്ടു തിരിച്ച് സൗത്ത് കരോലിനയിൽ എത്തി. 1865 ഫെ. 17-ന് കൊളംബിയ പിടിച്ചടക്കിയതിനു ശേഷം നോർത്ത് കരോലിനയിലേക്കു നീങ്ങി. വ. ജനറൽ ഗ്രാന്റിന്റെയും തെ. ജനറൽ ഷെർമാന്റെയും സൈന്യങ്ങൾക്കിടയിൽ കുടുങ്ങി കോൺഫെഡറേറ്റു സൈന്യം പട്ടിണി കിടന്നു നരകിക്കുകയാൽ ഗത്യന്തരമില്ലാതെ കീഴടങ്ങി. 1875 ഏ. 3-ന് റിച്ച്മണ്ട് നഗരം യൂണിയൻ സൈന്യത്തിന്റെ കൈയിലമർന്നു. തുടർന്ന് ജനറൽ ഗ്രാന്റ് സർവസൈന്യങ്ങളെയും സമാഹരിച്ചുകൊണ്ട് ജനറൽ ലീയുടെ സൈന്യത്തെ വളഞ്ഞു. നിസ്സഹായനായ ജനറൽ ലീയും സൈന്യവും 1865 ഏ. 9-ന് വെർജീനിയയിലെ അപ്പോമാറ്റക്സ്കോർട്ട് ഹൗസിൽവച്ചു നിരുപാധികം കീഴടങ്ങി. 1865 ഏ. 26-ന് അവസാനത്തെ കോൺഫെഡറേറ്റു സൈന്യം ജനറൽ ജോൺസ്റ്റന്റെ നേതൃത്വത്തിൽ ഷെർമാനു കീഴടങ്ങിയതോടുകൂടി യുദ്ധമവസാനിച്ചു. ഇതിനിടയിൽ 1865 ഏപ്രിൽ 15-ന് ഒരു നാടകശാലയിൽ വച്ചു വെടിയേറ്റതിനെത്തുടർന്ന് എബ്രഹാം ലിങ്കൺ അപമൃത്യുവിന് ഇരയായി.

ഫലങ്ങൾ

യുദ്ധരംഗത്തിന്റെ വ്യാപ്തികൊണ്ടും യുദ്ധത്തിൽ പങ്കെടുത്തവരുടെ സംഖ്യകൊണ്ടും ഒന്നാം ലോകയുദ്ധത്തിനു മുൻപ് നടന്ന ഏറ്റവും വലിയ യുദ്ധമായി അമേരിക്കൻ ആഭ്യന്തരയുദ്ധം കണക്കാക്കപ്പെടുന്നു. രണ്ടു ലക്ഷത്തിലധികം പേർ യുദ്ധത്തിൽ മരിച്ചുവീഴുകയോ മുറിവേറ്റു മരണമടയുകയോ ചെയ്തു. 4,13,000 പേർ രോഗവും അപകടവും മറ്റു കാരണങ്ങളും കൊണ്ട് അപമൃത്യുവിനിരയായി. യുദ്ധത്തിൽ പരാജയപ്പെട്ട ദക്ഷിണ സ്റ്റേറ്റുകൾക്ക് അതിന്റെ ദുരന്തഫലങ്ങൾ ഏറെക്കാലം അനുഭവിക്കേണ്ടിവന്നു. സാമ്പത്തികമായി ഈ സ്റ്റേറ്റുകൾ തകർന്നുപോയി. രാഷ്ട്രീയമായി താത്ക്കാലികമായിട്ടാണെങ്കിലും അവർക്ക് വോട്ടവകാശം നല്കപ്പെട്ടു. യൂണിയനിൽനിന്നു വിട്ടുപിരിഞ്ഞുപോയ സ്റ്റേറ്റുകളിലെ ജനങ്ങളുടെ വോട്ടവകാശവും ഉദ്യോഗം ലഭിക്കാനുള്ള അവകാശവും യൂണിയൻ കോൺഗ്രസ് നിഷേധിച്ചു. ഉത്തര സ്റ്റേറ്റുകളിൽനിന്നു വന്ന 'കാർപറ്റ് ബാഗേഴ്സ്' (Carpet baggers) എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാഷ്ട്രീയഭിക്ഷാംദേഹികളും അടിമത്തം അവസാനിച്ചു പുതുതായി വോട്ടവകാശം ലഭിച്ച നിരക്ഷര കുക്ഷികളായ നീഗ്രോകളും കോൺഫെഡറേറ്റ് സ്റ്റേറ്റുകളിൽ ഭരണം കൈക്കലാക്കി. 'കറുത്ത ഭീകരവാഴ്ച' (black terror) എന്ന് ഇതിനെ അധികാരം നഷ്ടപ്പെട്ട വെള്ളക്കാർ ചിത്രീകരിച്ചു. കറുത്ത വർഗക്കാരോടു പ്രതികാരം ചെയ്യാൻ അവർ അവസരം പാർത്തിരുന്നു. 'കറുത്ത ഭീകരവാഴ്ച'യെ ചെറുക്കാൻ കൂ ക്ലക്സ് ക്ലാൻ (Ku Klux Klan) എന്നു പേരായ വെള്ളക്കാരുടെ ഒരു ഭീകരസംഘടന രൂപംകൊണ്ടു. കാലക്രമത്തിൽ വെള്ളക്കാർ അവരുടെ മേധാവിത്വം പുനഃസ്ഥാപിച്ചതോടുകൂടി നീഗ്രോവർഗക്കാരുടെ വോട്ടവകാശം പ്രയോഗിക്കാൻ നിവൃത്തിയില്ലാത്തവിധം പുതിയ വ്യവസ്ഥകൾക്കു രൂപം നൽകാൻ തുടങ്ങി. 'അനശ്വരരാഷ്ട്രങ്ങളുടെ അനശ്വരയൂണിയൻ' ആയി അമേരിക്കൻ യൂണിയൻ അംഗീകരിക്കപ്പെട്ടു. കെട്ടുറപ്പുള്ള കേന്ദ്രഭരണ സംവിധാനം അരക്കിട്ടുറപ്പിക്കുകയാണ് ആഭ്യന്തരയുദ്ധം കൊണ്ടുണ്ടായ നേട്ടം. ഐക്യത്തിന്റെ കൊടിക്കീഴിൽ സ്വയംഭരണാധികാരതത്ത്വം നിലനിർത്തിക്കൊണ്ട് യു.എസ്. പുരോഗമിക്കുകയും ലോകത്തിലെ ശക്തിയേറിയ രാഷ്ട്രമെന്ന സ്ഥാനത്തേക്ക് കുതിച്ചുകയറുകയും ചെയ്യുന്നതിന് അടിത്തറ പാകിയത് ആഭ്യന്തരയുദ്ധത്തിൽ യൂണിയൻ പക്ഷക്കാർക്കുണ്ടായ വിജയമാണ്. സമരത്തിൽ അടിമത്തവിരോധകക്ഷികളുടെ വിജയത്തെത്തുടർന്ന് അടിമകൾക്കു വിമോചനവും വ്യക്തിപരമായ അവകാശങ്ങളും പ്രദാനം ചെയ്യുവാൻ ഫെഡറൽ ഭരണഘടനയിൽ 13-ഉം 14-ഉം 15-ഉം ഭേദഗതികൾകൊണ്ടു സാധിച്ചു. യുദ്ധമവസാനിക്കുന്നതിനു മുൻപുതന്നെ ഭരണഘടനയിലെ 13-ാം ഭേദഗതികൊണ്ട് അടിമത്തം നിയമവിരുദ്ധമാക്കി; 14-ാം ഭേദഗതി വിമുക്തരായ നീഗ്രോകൾക്കു പൌരാവകാശം നല്കി; 15-ാം ഭേദഗതി വർഗം, വർണം, മുൻകാലത്തെ അടിമത്തം എന്നിവയുടെ അടിസ്ഥാനത്തിൽ ആർക്കും വോട്ടവകാശം നിഷേധിക്കാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്തു. അങ്ങനെ യു.എസ്സിൽ നിന്ന് അടിമത്തം തുടച്ചുമാറ്റാനുള്ള സാഹചര്യമുണ്ടാക്കിയത് ആഭ്യന്തരസമരമാണ്.

അവലംബം


References

അവലോകനം
ആത്മകഥകൾ
Soldiers
Reference books and bibliographies
Primary sources

പുറത്തേക്കുള്ള കണ്ണികൾ


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആഭ്യന്തരയുദ്ധം അമേരിക്കൻ ആഭ്യന്തരയുദ്ധം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്