ഡെൽഹി

ഇന്ത്യയുടെ തലസ്ഥാനം
(ദില്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹി ഉൾപ്പെടുന്ന കേന്ദ്രഭരണ പ്രദേശം ആണ് ഡൽഹി അഥവാ ദില്ലി അഥവാ ദെഹ്‌ലി. 1.7 കോടി ജനസംഖ്യയുള്ള ഡെൽഹി, ജനസംഖ്യയുടെ കാര്യത്തിൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്.‌[3] ഇതിന്റെ ഔദ്യോഗികനാമം ദേശീയ തലസ്ഥാനപ്രദേശം (National Capital Territory) എന്നാണ്‌‍. രാജ്യത്തിന്റെ തലസ്ഥാനമെന്ന നിലയിൽ പ്രത്യേക പദവിയാണ്‌ ഡെൽ‍ഹി‍ക്കുള്ളത്‌. ന്യൂ ഡെൽഹി, ഡെൽഹി, ഡെൽഹി കന്റോൺ‌മെന്റ് എന്നിങ്ങനെ മൂന്നു നഗരപ്രദേശങ്ങളും, കുറച്ചു ഗ്രാമപ്രദേശങ്ങളും ചേരുന്നതാണ്‌ ഡൽഹി സംസ്ഥാനം. ഡെൽഹിയെക്കൂടാതെ സമീപ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിലെ നോയ്ഡ, ഗാസിയാബാദ്, മീററ്റ് എന്നീ പ്രദേശങ്ങളും ഹരിയാനയിലെ ഫരീദാബാദ്, ഗുഡ്ഗാവ്, ബഹദൂർഗഢ്, പാനിപ്പട്ട്, രോഹ്ത്തക്ക്,സോനിപ്പട്ട്, രാജസ്ഥാനിലെ ആൾവാർ എന്നീ പ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ്‌ ദേശീയ തലസ്ഥാനമേഖല (National Capital Region) എന്നറിയപ്പെടുന്ന സ്ഥലം. ഈ നഗരങ്ങൾ ഡെൽഹിയുടെ ഉപഗ്രഹനഗരങ്ങൾ എന്നും അറിയപ്പെടുന്നു. പ്രാദേശികമായി തിരഞ്ഞെടുത്ത നിയമനിർമ്മാണസഭയും മുഖ്യമന്ത്രിയും ഒക്കെയുണ്ടെങ്കിലും, ക്രമസമാധാനം, സുരക്ഷ തുടങ്ങിയ സുപ്രധാന വകുപ്പുകൾ കേന്ദ്ര ആഭ്യന്തരവകുപ്പാണ്‌ കൈകാര്യം ചെയ്യുന്നത്‌. 1483 ചതുരശ്ര കി.മീ. വിസ്തീർ‌ണവും 17 ദശലക്ഷം ജനസംഖ്യയുമുള്ള ഡൽഹി, ചരിത്രപരമായും രാഷ്ട്രീയമായും തന്ത്രപ്രധാനമായ, ലോകത്തിലെ തന്നെ പഴക്കം ചെന്ന ഒരു നഗരമാണ്. 18, 19 നൂറ്റാണ്ടുകളിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഭരണം കൈയ്യടക്കിയതിനുശേഷം ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ട ആയിരുന്നു. പിന്നീട് 1911 ൽ ഭരണസൗകര്യത്തിനായി ഇന്ത്യയുടെ തലസ്ഥാനം ഡെൽഹി ആക്കുകയായിരുന്നു. ഇതോടെ 1920 ൽ ഒരു പുതിയ നഗരമായി ന്യൂ ഡെൽഹി രൂപകൽപന ചെയ്തു.[4] 1947 ൽ ഇന്ത്യക്ക് സ്വാ‍തന്ത്ര്യം കിട്ടിയതിനു ശേഷം ന്യൂ ഡെൽഹി സ്വതന്ത്ര ഇന്ത്യയുടെ തലസ്ഥാനമായി. ഡെൽഹിയുടെ വികാസത്തിനു ശേഷം, മറ്റു പല സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ഇവിടേക്ക് കുടിയേറി. അങ്ങനെ ഡെൽഹി ഒരു മിശ്രസംസ്കാരപ്രദേശമായി മാറിയിരിക്കുന്നു.[5]

ഡെൽഹി

दिल्ली ਦਿੱਲੀ
دِلّی/دہلی

ദില്ലി, ഡേലി
മെട്രോപ്പോളിസ്
ഇന്ത്യയുടെ ദേശീയ തലസ്ഥാനപ്രദേശം
മുകളിൽനിന്ന് ഘടികാരദിശയിൽ: ലോട്ടസ് ക്ഷേത്രം, ഹ്യുമയൂനിന്റെ കുടീരം, കൊണാട്ട് പ്ലേസ്,അക്ഷർധാം ക്ഷേത്രം, ഇന്ത്യാഗേറ്റ്.
രാജ്യം ഇന്ത്യ
പ്രദേശംവടക്കേ ഇന്ത്യ
കുടിയേറ്റംബി.സി. 6ആം നൂറ്റാണ്ട്
ഇൻകോർപ്പറേറ്റഡ്1857
തലസ്ഥാന രൂപീകരണം1911
സ്ഥാപിതം1 ഫെബ്രു 1992
ഭരണസമ്പ്രദായം
 • ലഫ്. ഗവർണർഅനിൽ ബൈജൽ
 • മുഖ്യമന്ത്രിഅരവിന്ദ് കെജ്രിവാൾ
 • നിയമസഭഏകസഭ (70 സീറ്റുകൾ)
 • ലോകസഭാമണ്ഡലം7 എണ്ണം
 • ഹൈക്കോടതിഡൽഹി ഹൈക്കോടതി
വിസ്തീർണ്ണം
 • മെട്രോപ്പോളിസ്[[1 E+9_m²|1,484.0 ച.കി.മീ.]] (573.0 ച മൈ)
 • ജലം18 ച.കി.മീ.(6.9 ച മൈ)
 • മെട്രോ
46,208 ച.കി.മീ.(17,841 ച മൈ)
ഉയരം
0–125 മീ(0–409 അടി)
ജനസംഖ്യ
 (2011)[1]
 • മെട്രോപ്പോളിസ്1,10,07,835
 • റാങ്ക്2ആം
 • ജനസാന്ദ്രത11,297.01/ച.കി.മീ.(29,259.12/ച മൈ)
 • നഗരപ്രദേശം
1,63,14,838 (2ആം)
 • മെട്രോപ്രദേശം2,17,53,486
Demonym(s)ഡെൽഹിയൈറ്റ്, ഡെൽവി, ഡെല്ലിവാല
സമയമേഖലUTC+5.30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം)
പിൻകോഡുകൾ
110001-110098, 1100xx
ഏരിയ കോഡ്+91 11
Ethnicityഇന്ത്യൻ
ഔദ്യോഗികഭാഷകൾഹിന്ദി, പഞ്ചാബി, ഉർദു
വെബ്സൈറ്റ്Delhi.gov.in

പദോല്പത്തി

ഡെൽഹി ഭൂപടം

“ഡെൽഹി” എന്ന പദത്തിന്റെ ഉത്ഭവം എങ്ങനെ എന്ന് ഇപ്പോഴും കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ല. ദിലു എന്ന, 50 ബി.സി. കാലഘട്ടത്തിലെ മൌര്യ രാജാവിന്റെ പേരിൽ നിന്നാണ് ഈ പേര് ലഭിച്ചത് എന്നാണ് ഏറ്റവും കൂടുതൽ പറയപ്പെടുന്നത്. ഇദ്ദേഹമാണ് ഡെൽഹി എന്ന നഗരം സ്ഥാപിച്ചത് എന്ന് പറയപ്പെടുന്നു.[6][7][8] ഹിന്ദി/പ്രാകൃത് പദമായ ദിലി (dhili) (ഇംഗ്ലീഷ് : "loose") തുവർ രാജവംശജർ ഉപയോഗിച്ചിരുന്നു. ഇത് ഈ നഗരത്തെ പ്രധിനിധീകരിച്ച് ഉപയോഗിച്ചിരുന്നു.[9] അന്ന് തുവർ വംശജർ ഉപയോഗിച്ചിരുന്ന നാണയങ്ങളെ ദേഹ്‌ലിവാൽ (dehliwal) എന്നു വിളിച്ചിരുന്നു.[10] ദില്ലി (Dilli) എന്ന പദത്തിൽ (ദെഹ്‌ലീസ് (dehleez or dehali എന്ന പദത്തിന്റെ രൂപമാറ്റം) നിന്നാണ് എന്ന് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നു.[11] ഡെൽഹി നഗരത്തിന്റെ യഥാ‍ർഥ പേര് ദില്ലിക (Dhillika) എന്നായിരുന്നു എന്നും അതിൽ നിന്നാണ് ഈ പദം വന്നതെന്നും അഭിപ്രായമുണ്ട്.[12]

ചരിത്രം

ഇന്ത്യയിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിലൊന്നാണ്‌ ദില്ലി. 7 നഗരങ്ങളുടേയും ആയിരം സ്മാരകങ്ങളുടേയും നഗരം എന്നാണ് ദില്ലിയെപ്പറ്റി പരാമർശിക്കുന്നത്. പതിനൊന്ന് പ്രധാനപ്പെട്ട ചക്രവർത്തിമാരുടെ ശവകുടിരങ്ങൾ ദില്ലിയിലുണ്ട്. ഇന്ത്യയിലെ മറ്റുപ്രദേശങ്ങളിലൊട്ടാകെ നോക്കിയാലും ഇത്തരത്തിലുള്ള നാലെണ്ണം മാത്രമേയുള്ളൂ[13]‌.

ക്രിസ്തുവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ദില്ലിയിലെ ആദ്യനഗരമായ ഇന്ദ്രപ്രസ്ഥം സമൃദ്ധി പ്രാപിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യം ദില്ലി, തോമർ രജപുത്രരുടെ തലസ്ഥാനമായതോടെയാണ് ദില്ലി ഒരു ചരിത്രപ്രാധാന്യമുള്ള പട്ടണമായി രൂപാന്തരപ്പെടുന്നത്. ഇതേ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ അജ്‌മേറിലെ ചൗഹാന്മാർ (ചഹാമനർ എന്നും അറിയപ്പെടുന്നു) രജപുത്രരെ പരാജയപ്പെടുത്തി ദില്ലി പിടിച്ചടക്കി. തോമരരുടേയും ചൗഹാന്മാരുടേയും കാലത്ത് ദില്ലി ഒരു പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു[14].

1192-ൽ മുഹമ്മദ് ഘോറി, രജപുത്രരാജാവായിരുന്ന പൃഥ്വിരാജ് ചൗഹാനെ രണ്ടാം തരാവോറി യുദ്ധത്തിൽ (second battle of Taraori) പരാജയപ്പെടുത്തുകയും ഇതിനെത്തുടർന്ന് ഘോറിയുടെ ഒരു സേനാനായകനായിരുന്ന ഖുത്ബ്ദീൻ ഐബകിന്റെ നേതൃത്വത്തിൽ അടിമരാജവംശം ദില്ലിയിൽ അധികാരത്തിലെത്തുകയും ചെയ്തു. ഇതിനു ശേഷം നാല്‌ മുസ്ലിം രാജവംശങ്ങൾ ദില്ലി കേന്ദ്രീകരിച്ച് ഭരണം നടത്തുകയും ചെയ്തു. ഈ അഞ്ചു സാമ്രാജ്യങ്ങളെ പൊതുവായി ദില്ലി സുൽത്താനത്ത് എന്നറിയപ്പെടുന്നു. പിന്നീട് ചെറിയ കാലയളവുകളിലൊഴികെ, ദില്ലി തന്നെയായിരുന്നു ഉത്തരേന്ത്യയുടെ രാഷ്ട്രീയകേന്ദ്രം. ഖിൽജി രാജവംശം, തുഗ്ലക് രാജവംശം, സയ്യിദ് രാജവംശം, ലോധി രാജവംശം എന്നിവയാണ്‌ ദില്ലി സുൽത്താനത്തിലെ തുടർന്നു വന്ന രാജവംശങ്ങൾ. 1399-ൽ പേർഷ്യയിലെ തിമൂർ ദില്ലി ആക്രമിച്ചു കൊള്ളയടിച്ചു. ഇതോടെ സുൽത്താന്മാരുടെ ഭരണത്തിന്‌ കാര്യമായ ക്ഷയം സംഭവിച്ചു. അവസാന സുൽത്താൻ വംശമായിരുന്ന ലോധി രാജവംശത്തിലെ ഇബ്രാഹിം ലോധിയെ 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തി, ബാബർ മുഗൾ സാമ്രാജ്യത്തിന്‌ ആരംഭം കുറിച്ചു..

1539-40 കാലഘട്ടത്തിൽ ബാബറുടെ പിൻഗാമിയായിരുന്ന ഹുമയൂണിനെത്തോല്പ്പിച്ച് ഷേർഷാ സൂരി ദില്ലി പിടിച്ചടക്കിയെങ്കിലും 1555-ൽ ഷേർഷയുടെ പിൻഗാമികളെ പരാജയപ്പെടുത്തി ഹുമയൂൺ തന്നെ അധികാരത്തിലെത്തി.1556-ൽ മുഗൾ ചക്രവർത്തി അക്ബർ തലസ്ഥാനം ആഗ്രയിലേക്ക് മാറ്റി. എന്നാൽ 1650-ൽ ഷാജഹാൻ ദില്ലിയിൽ ഷാജഹനാബാദ് എന്ന ഒരു പുതിയ നഗരം പണിത് തലസ്ഥാനം വീണ്ടും ദില്ലിയിലേക്ക്ക് മാറ്റി. 1739-ൽ പേർഷ്യയിലെ നാദിർഷാ ദില്ലി ആക്രമിച്ച് കൊള്ളയടിക്കുകയും അവിടത്തെ ജനങ്ങളെയെല്ലാം കൊന്നൊടുക്കയും ചെയ്തു. ഇതിനു ശേഷം ഏതാണ്ട് 200 വർഷകാലം ദില്ലി ഒരു പ്രാധാന്യമില്ലാത്ത നഗരമായി മാറി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലിയുടെ നിയന്ത്രണം ബ്രിട്ടീഷുകാരുടെ കൈയിലായി. 1911-ൽ ബ്രിട്ടീഷുകാർ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതോടെയാണ് ദില്ലിക്ക് വീണ്ടും രാഷ്ട്രീയപ്രാധാന്യം കൈവരിച്ചത്.[13].

ഇതിനു ശേഷം, പഴയ ഡെൽഹിയുടെ ചിലഭാഗങ്ങൾ ന്യൂ ഡെൽഹിയുടെ നിർമ്മാണത്തിനു വേണ്ടി പൊളിക്കുകയും ചെയ്തു. ബ്രിട്ടീഷ് വാസ്തുശിൽപ്പിയായ ഏഡ്വിൻ ല്യൂട്ടേൻസ് ആണ് ന്യൂ ഡെൽഹിയിലെ പ്രധാന ഭാഗങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്തത്. പിന്നീട് 1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യവും വിഭജനവും കഴിഞ്ഞതിനു ശേഷം ഇന്ത്യ സർക്കാറിന്റെ ഔദ്യോഗിക ആസ്ഥാനമായി ന്യൂ ഡെൽഹി പ്രഖ്യാപിക്കപ്പെട്ടൂ.


ദില്ലിയിലെ പുരാതനഗരങ്ങൾ

ഇപ്പോഴത്തെ ഡെൽഹി നഗരം പഴയ എട്ട് നഗരങ്ങളിൽ നിന്നു വികസിച്ചതാണ്. ഇവ താഴെ പറയുന്നവയാണ്.

  1. 'ദില്ലി' - ഇതു സ്ഥാപിച്ചത് തോമർ അനംഗപാലയാ‍ണെന്ന് പറയപ്പെടുന്നു [15].
  2. ലാൽ കോട്ട് - സ്ഥാപിച്ചത് തോമർ വംശജർ പിന്നീട് ഇത് ഖില റായി പിത്തൊർ എന്ന് പൃഥ്വിരാജ് ചൗഹാന്റെ കാലത്ത് പുനർനാമകരണം ചെയ്യപ്പെട്ടു. ഇതു ഏഴ് വാതിലുകളുള്ള ഡെൽഹിയിലെ ഒരു കോട്ടയായിരുന്നു. പൃഥ്വിരാജ് ചൗഹാൻ ഡെൽഹിയുടെ അവസാനത്തെ ഹിന്ദു രാജാവിനു മുമ്പുള്ള രാജവായിരുന്നു.
  3. സിരി - 1303 ൽ അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ചു.
  4. തുഗ്ലക്കാബാദ് - സ്ഥാപിച്ചത് ഘിയാസ് ഉദ് ദിൻ തുഗ്ലക്‌ഷാ ഒന്നാമൻ (1321-1325)
  5. ജഹാൻപന - സ്ഥാപിച്ചത് മുഹമ്മദ് ബിൻ തുഗ്ലക്
  6. കോട്‌ല ഫിറോസ് ഷാ- സ്ഥാപിച്ചത് ഫിറോസ് ഷാ തുഗ്ലക് 1351-1388);
  7. പുരാന കില- സ്ഥാപിച്ചത് ശേർഷാ സുരി, ദിനാപഥ് - സ്ഥാപിച്ചത് ഹുമയൂൺ, (1538-1545);
  8. ഷാജഹാബാദ് - ചുമരുകളുള്ള ഈ നഗരം സ്ഥാപിച്ചത് ഷാജഹാൻ ആണ് 1638 നും 1649 ഇടക്ക്. ഇതിൽ ഡെൽഹിയിലെ പ്രസിദ്ധമായ ചെങ്കോട്ടയും Juma Masjid ചാന്ദ്‌നി ചൗക്കും ഉൾപ്പെടുന്നു. ഇത് ഷാജഹാന്റെ കാലത്ത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ഈ സ്ഥലത്തെയാണ് ഇപ്പോഴത്തെ പഴയ ഡെൽഹി എന്ന പേരിൽ അറിയപ്പെടുന്നത്.
  9. നയി ദില്ലി (New Delhi) - സ്ഥാപിച്ചത് ബ്രിട്ടീഷ് ഭരണകൂടം. ഇതിൽ പഴയ ഡെൽഹിയിലെ ചില ഭാഗങ്ങളും ഉൾപ്പെടുന്നു.

ഡെൽഹി നഗരം

72.5 m (238 ft) ഉയരമുള്ള ഖുത്ബ് മിനാർ, ചുടുകട്ട കൊണ്ടു നിർമ്മിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ മീനാർ ആണ്[16]
1560 പണിതീർന്ന ഹുമയൂൺസ് ടോംബ് മുഗൾ വംശത്തിന്റെ കലയുടെ ഒരു ചിഹ്നമാണ് [17]
1639 ൽ പണിതീർന്ന ചെങ്കോട്ട മുഗൾ രാജാവായിരുന്ന ഷാജഹാൻ പണിതീർത്തതാണ്.
ദില്ലിയിലെ ഇന്ത്യാ ഗേറ്റ് - ഒരു സൈനിക സ്മാരകം

തലസ്ഥാനനഗരമായി പറയപ്പെടുന്നത് ന്യൂഡൽഹിയെയാണെങ്കിലും അത് സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ന്യൂ ഡെൽഹിയും, പുരാനാ ദില്ലി ഉൾപ്പെടുന്ന ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനും ഡെൽഹി കണ്ടോണ്മെന്റും ചേർന്നുള്ള നഗരപ്രദേശങ്ങളും കൂടിയതാണ്. ഇത് ഡെൽഹി നഗരസമൂഹം എന്നറിയപ്പെടുന്നു. 2001-ലെ കാനേഷുമാരി പ്രകാരം 1.29 കോടി ജനസംഖ്യയുള്ള ഈ നഗരസമൂഹം മുംബൈ നഗരസമൂഹം കഴിഞ്ഞാൽ ജനസംഖ്യയിൽ ഭാരതത്തിലെ ഏറ്റവും വലിയതാണ്. ന്യൂ ഡെൽഹിയും, പുരാനാദില്ലി ഡെൽഹി മുനിസിപ്പൽ കോർപ്പറേഷനും ഡെൽഹി കണ്ടോണ്മെന്റും ഒഴികെ ഈ നഗരസമൂഹത്തിലെ പട്ടണങ്ങളും നഗരങ്ങളുമെല്ലാം കാനേഷുമാരിയിൽ മാത്രമാണു നഗരപ്രദേശമായി കണക്കക്കപ്പെടുന്നത്. പ്രധാന നഗരങ്ങളുടെ സംക്ഷിപ്തവിവിരണം താഴെക്കാണാം.

ന്യൂ ഡെൽഹി

ബ്രിട്ടീഷിന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേക്കു മാറ്റിയതിനു ശേഷം എഡ്വേർഡ് ല്യൂട്ടൻസ് എന്നയാൾ രൂപകൽപ്പന ചെയ്തതാണ് ന്യൂഡെൽഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ. രാഷ്ട്രപതി ഭവൻ, പാർലമെന്റ് മന്ദിരം, ഇന്ത്യാ ഗേറ്റ്, മന്ത്രാലയങ്ങൾ, കൊണാട്ട് പ്ലേസ് (ഇപ്പോൾ രാജീവ് ചൗക്ക്) തുടങ്ങിയവ ന്യൂഡെൽഹിയിലാണ്. മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലത്തെ ബിർളാ ഭവനവും, ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ച സ്ഥലവും ന്യൂഡെൽഹിയിൽപ്പെടുന്നു. സിഖുകാരുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ഗുരുദ്വാര ബംഗ്ലാസാഹിബ്, ബിർളാ മന്ദിർ (ലക്ഷ്മീനാരായൺ മന്ദിർ) എന്നിവയും ഇവിടെയാണ്.

നാമനിർദ്ദേശം ചെയ്യപ്പടുന്ന അംഗങ്ങൾ മാത്രമുള്ള ഒരു ഭരണസമിതിയാണ് ന്യൂ ഡെൽഹി മുൻസിപ്പൽ കൗൺസിലിനെ നിയന്ത്രിക്കുന്നത്.

ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ

ഡെൽഹിയുടെ പുരാതന ഭാഗങ്ങളെക്കൂടാതെ പ്രധാന നഗര ഭാഗങ്ങളെല്ലാം തന്നെ ഈ നഗരത്തിന്റെ കീഴിലാണ്. ചുവപ്പു കോട്ട, ജുമാ മസ്ജിദ്, ചാന്ദിനി ചൗക്ക്, ഖുത്ബ് മിനാർ, പുരാണാ കില, ഹുമയൂണിന്റെ ശവകുടീരം, ബഹായ് ക്ഷേത്രം (ലോട്ടസ് ക്ഷേത്രം) തുടങ്ങിയവ ഇവിടുത്തെ പ്രധാന ആകർണങ്ങളാണ്. പാണ്ഡവരുടെ തലസ്ഥാനമായിരുന്ന ഇന്ദ്രപ്രസ്ഥം മുതൽ മുഗൾ ചക്രവർത്തിമാരുടെ തലസ്ഥാനങ്ങൾ വരെ ഏഴു തലസ്ഥാനനഗരങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയെല്ലാം സ്ഥിതിചെയ്തിരുന്നത് ഡെൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളിലാണ്. യമുനാ നദി ഈ നഗരത്തെ രണ്ടായി തിരിക്കുന്നു. നദിയുടെ കിഴക്കു ഭാഗത്തുള്ള ഭാഗങ്ങൾ ജനസാന്ദ്രത കൂടിയവയാണെങ്കിലും താരതമ്യേന താമസിച്ച് വികാസം പ്രാപിച്ചവയാണ്‌.

തിരഞ്ഞെടുക്കപ്പെട്ട ഒരു കോർപ്പറേഷൻ കൗൺസിലാണ് ഈ നഗരത്തിന്റെ ഭരണം കയ്യാളുന്നത്. കൗൺസിലിന്റെ തലവൻ മേയറാണ്. ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നത് മുൻസിപ്പൽ കമ്മീഷണറാണ്. മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമായി കോർപ്പറേഷന്റെ പുറത്തുള്ള ഭാഗങ്ങളിലേക്കും ഈ കോർപ്പറേഷൻ സേവനങ്ങൾ എത്തിക്കുന്നുണ്ട്.

രാഷ്ട്രീയം

1931 ൽ ബ്രിട്ടീഷ്‌ കാലത്ത് പണിതീർത്ത നോർത്ത് ബ്ലോക്ക് പ്രധാന സർക്കാർ ഓഫീസുകളുടെ ആസ്ഥാനമാണ്

മറ്റു കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഡെൽഹിക്ക് അതിന്റേതായ നിയമസഭയും, ലെഫ്റ്റനന്റ് ഗവർണറും, മന്ത്രിമാരും, മുഖ്യമന്ത്രിയും ഉണ്ട്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴി നടക്കുന്നു. പക്ഷേ, ഡെൽഹിയിലെ ഭരണം കേന്ദ്രസർക്കാറും, സംസ്ഥാനസർക്കാറും ചേർന്നാണ് നടത്തുന്നത്. ഒരു രാജ്യതലസ്ഥാനമായതിനാലാണ് ഇത്. ഗതാഗതം, റോഡ് മുതലായ സേവനങ്ങൾ ഡെൽഹി സർക്കാർ നോക്കുമ്പോൾ പോലീസ്, പട്ടാളം മുതലായ സേവനങ്ങൾ കേന്ദ്ര സർക്കാറിന്റെ കീഴിൽ നേരിട്ട് വരുന്നു. 1956 നു ശേഷം നിയമസഭ രൂപവത്കരിക്കപ്പെട്ടത് 1993 ലാണ്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി കൂടാതെ ഇവിടുത്തെ സേവന ഭരണങ്ങൾ, കേന്ദ്ര, സംസ്ഥാന സർക്കാറുകളും കൂടി നടത്തുന്നു. പ്രധാന ഭരണസ്ഥാപനങ്ങളായ ഇന്ത്യൻ പാർലമെന്റ്, രാഷ്ട്രപതി ഭവൻ, സുപ്രീം കോടതി എന്നിവ ഡെൽഹിയിലാണ് സ്ഥിതി ചെയ്യുന്നത്. 70 നിയമസഭ സീറ്റുകൾ ഡെൽഹിക്കുണ്ട്. ഇതു കൂടാതെ 7 ലോകസഭ സീറ്റുകളും ഉണ്ട്. [18][19]

ഡെൽഹി പണ്ടുമുതലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണ് ഭരിച്ചിരുന്നത്. എന്നാൽ 1993-ൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറി. അന്നത്തെ നേതാവ് മദൻ ലാൻ ഖുറാന ആയിരുന്നു. 1998 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണം വീണ്ടെടുക്കുകയും ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. 2003, 2008 വഷങ്ങളിൽ നടന്ന നീയമസഭാതിരഞ്ഞെടുപ്പുകളിൽ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണം നിലനിർത്തി. 2013 ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കോൺഗ്രസ്സിന്റെ പിന്തുണയോടെ അധികാരത്തിൽ വന്നു. ശ്രി അരവിന്ദ് കെജ്രിവാൾ ഏഴംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി അധികാരമേറ്റു

ഭൂമിശാസ്ത്രം

ജൂലൈ ഓഗസ്റ്റ് മാസങ്ങളിലാണ് ഡെൽഹിയിൽ മൺസൂൺ മഴ ലഭിക്കുന്നത്

ഡെൽഹിയുടെ മൊത്തം വിസ്തീർണ്ണം 1,483 km2 (573 sq mi) ആണ് . ഇതിൽ 783 km2 (302 sq mi) ഗ്രാമപ്രദേശങ്ങളും,700 km2 (270 sq mi) നഗര പ്രദേശവുമാണ്. ഡെൽഹിയുടെ ആകെ പ്രദേശങ്ങളുടെ നീളം 51.9 km (32 mi) ഉം വീതി 48.48 km (30 mi) ഉം ആണ്. മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി, (വിസ്തീർണ്ണം 1,397.3 km2 (540 sq mi)) ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ (42.7 km2 (16 sq mi)), ഡെൽഹി കന്റോൺ‌മെന്റ് ബോർഡ് (43 km2 (17 sq mi)) എന്നിങ്ങനെ മൂന്ൻ പ്രധാന ഭരണ സ്ഥാപനങ്ങളാണ് ഡെൽഹിയ്ക്കുള്ളത്.[20]

ഡെൽഹി സ്ഥിതി ചെയ്യുന്ന അക്ഷാംശം 28°37′N 77°14′E / 28.61°N 77.23°E / 28.61; 77.23 ലും, ഇന്ത്യയുടെ വടക്കുഭാഗത്തുമായിട്ടാണ്. ഡെൽഹിയുടെ അയൽ സംസ്ഥാനങ്ങൾ ഉത്തർ പ്രദേശ്, ഹരിയാന എന്നിവയാണ്. പ്രമുഖ നദിയായ യമുന ഡെൽഹിയിൽ കൂടി ഒഴുകുന്നു. യമുനയുടെ തീരത്തെ ഫലഭൂയിഷ്ഠമായ മണ്ണ് കൃഷിക്ക് വളരെ യോഗ്യമായതു കൊണ്ട് ഇവിടത്തെ കൃഷിസ്ഥലങ്ങൾ യമുനയുടെ തീരത്തോട് ചേർന്നുകിടക്കുന്നു. പക്ഷെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്. [21] ഹിന്ദു ആചാരപ്രകാരം ഒരു പുണ്യ നദിയായ യമുനയാണ് ഡെൽഹിയിലൂടെ ഒഴുകുന്ന പ്രധാന നദി. ഡെൽഹിയുടെ പ്രധാന ഭാഗങ്ങളെല്ലാം യമുനയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. യമുനയുടെ കിഴക്ക് ഭാഗത്തായി നഗര പ്രദേശമായ ശാഹ്ദര സ്ഥിതിചെയ്യുന്നു. ഭുകമ്പ സാധ്യതയുള്ള പ്രദേശങ്ങളുടെ കണക്കനുസരിച്ച് ഡെൽഹി സീസ്മിക്-4 വിഭാഗത്തിൽപ്പെടുന്ന സ്ഥലമാണ്.[22]

കാലാവസ്ഥ

ഡെൽഹി ഒരു മിത വരണ്ട പ്രദേശമാണ്. ഇവിടുത്തെ കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ വേനൽക്കാലമാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലം വേനൽക്കാലമായി കണക്കാക്കപ്പെടുന്നു. ഇതിനിടക്ക് വളരെ കുറച്ച് സമയം മാത്രം മൺസൂൺ കാലം വരുന്നു. തണുപ്പുകാലം ഒക്ടോബർ മുതൽ മാർച്ച് വരെയാണ്. ഇതിൽ ജനുവരിയിൽ മഞ്ഞുകാലം അതിന്റെ ഉന്നതിയിലെത്തും. മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ഈ സമയത്ത് കനത്തു നിൽക്കും.[23] താപനില -0.6 °C നും 47 °C ഇടക്ക് നിൽക്കുന്നു. .[24] ശരാശരി താപനില 25 °C ആണ്. [25] വർഷം തോറും ലഭിക്കുന്ന ശരാശരി മഴ 714 mm (28.1 inches) ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കൂടുതൽ മഴ ലഭിക്കുന്നു.[26].


സ്ഥിതിവിവരക്കണക്കുകൾ

ഡെൽഹിയിലെ അക്ഷർധാം അമ്പലം ലോകത്തെ തന്നെ ഏറ്റവും വിസ്താരമേറിയ അമ്പലമാണ്[28]

ഡെൽഹിയിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ജോലി തേടിയും അല്ലാതെയും താമസിക്കുന്നു. ജോലി സാദ്ധ്യതകൾ ഏറെയുള്ളത് കൂടുതൽ ആളുകളെ ഡെൽഹിയിലേക്ക് ആകർഷിക്കുന്നു. 2001ലെ കാനേഷുമാരി പ്രകാരം ഡെൽഹിയിലെ ജനസംഖ്യ 13,782,976 ആണ്.[29] 2003 -ഓടെ ഡെൽഹി സംസ്ഥാനത്തെ ആകെ ജനസംഖ്യ 14.1 ദശലക്ഷം ആയി എന്നാണ് കണക്ക്. ഇതോടെ ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള മെട്രോ നഗരം എന്ന പദവി മുംബൈയിൽ നിന്നും ഡെൽഹിക്ക് ലഭിച്ചു. [30][31] ഇതിൽ 295,000 ആളുകൾ ന്യൂ ഡെൽഹിയിലും ബാക്കി ഡെൽഹി കന്റോൺ‌മെന്റ് ബോർഡിന്റെ കീഴിലുമുള്ള പ്രദേശത്താണ്. [32].

ഇവിടുത്തെ ജനസാന്ദ്രത ഓരോ ചതുരശ്ര കിലോമീറ്ററിലും 9,294 ആളുകൾ എന്ന രീതിയിലാണ്. 1000 പുരുഷന്മാർക്ക് 821 സ്തീകൾ എന്നതാണ് പുരുഷ-സ്ത്രീ അനുപാതം. സാക്ഷരത നിരക്ക് 81.82% വരും. ഇപ്പോഴത്തെ മൊത്തം ഡെൽഹിയിലെ ജനസംഖ്യ 17 ദശലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഡെൽഹിയെ ലോകത്തെ ജനസംഖ്യ കൂടുതലുള്ള മെട്രോ നഗരമാക്കി മാറ്റിയിരിക്കുന്നു. [33]. പക്ഷേ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള നഗരം ഇപ്പോൾ ടോക്കിയോ ആണ്.

ദില്ലിയിലെ ജനങ്ങളിൽ 82% പേരും ഹിന്ദുക്കളാണ്. 11.7% പേർ മുസ്ലീങ്ങളും 4% സിഖുകാരും, 1.1% ജൈനരും 0.9% ക്രിസ്ത്യാനികളും ഇവിടെയുണ്ട്. മറ്റു ന്യൂനപക്ഷവിഭാഗങ്ങളായ പാഴ്സികളും ആംഗ്ലോ-ഇന്ത്യന്മാരും, ബുദ്ധമതക്കാരും, ജൂതരും ഇവിടെ വസിക്കുന്നു.

ജുമാ മസ്ജിദ്, -ഏഷ്യ പസിഫിക്കിലെ ഏറ്റവും വലിയ മുസ്ലിം പള്ളി[34]

ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്നത് ഔദ്യോഗികഭാഷയായ ഹിന്ദിയാണ്. ഇംഗ്ലീഷും മറ്റൊരു ഔദ്യോഗികഭാഷയായി കണാക്കുന്നതോടൊപ്പം പഞ്ചാബി, ഉർദു എന്നിവ രണ്ടാം ഔദ്യോഗിക ഭാഷയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റം കൊണ്ട് അവിടത്തെ സംസ്കാരവും ഭാഷയും ഡെൽഹിയിൽ കൂടിക്കലർന്നിട്ടുണ്ട്. ഇതിൽ പ്രധാനമായുള്ളത് മൈഥിലി, ബീഹാരി, തമിഴ്, കന്നട, തെലുങ്ക്, ബെംഗാളി, ആസ്സാ‍മീസ്സ്, മറാത്തി, പഞ്ചാബി എന്നീ ഭാഷകളും ജാട്ട്, ഗുജ്ജർ തുടങ്ങിയ സമുദായങ്ങളുമാണ്.

2005 ലെ ഒരു സർവേ പ്രകാരം ഡെൽഹി ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടന്ന സംസ്ഥാനമെന്ന കുപ്രസിദ്ധി നേടുകയുണ്ടായി. [35] ഇതു കൂടാതെ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും ഡെൽഹി മുമ്പിലാണ് (27.6%) ദേശീയ തലത്തിൽ ഇത് 14.1% മാത്രമാണ്. കൂടാതെ ബാലപീഡനത്തിൽ 6.5% എന്നതാണ് ഡെൽഹിയുടെ നില. ദേശീയ ബാലപീഡന നിലവാരമാകട്ടെ 1.4 %വും. [36]

ജനസംഖ്യാവിതരണം

നഗരം/പട്ടണംജനസംഖ്യ
ഡെൽഹി നഗര സമൂഹം12,877,470
1ന്യൂഡെൽഹി (മുനിസിപ്പൽ കൌൺസിൽ)302,363
2ഡെൽഹി മുനിസിപ്പൽ കോറ്പ്പറേഷൻ9,879,172
3ഡെൽഹി കൻറോണ്മെന്റ്124,917
4സുൽത്താൻപൂർ മാജ്ര164,426
5കിരാരി സുലെമാൻ നഗർ154,633
6ഭാത്സ്വ ജഹാംഗീർപൂർ152,339
7നംഗ്ലൊയ് ജാട്150,948

നഗര ഭരണവിവരങ്ങൾ

ഡെൽഹിയിലെ ഒൻപത് ജില്ലകൾ

2007 ജൂലൈയിലെ കണക്ക് പ്രകാരം ഡെൽഹിയിൽ ഒൻപത് ജില്ലകളും 27 താലൂക്കുകളും 59 പട്ടണങ്ങളും 165 ഗ്രാമങ്ങളുമാണ് ഉള്ളത്. ഇത് എല്ലാം ഡെൽഹിയിലെ മൂന്ന് പ്രധാന ഭരണകൂടങ്ങളായ ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ ‎, ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ‎, ഡെൽഹി കന്റോൺ‌മെന്റ് ബോർഡ് എന്നിവയുടെ കീഴിൽ വരുന്നു. [37]

ഡെൽഹിയിലെ പ്രധാന നഗര പ്രദേശമായ ഡെൽഹി മെട്രോപൊളിറ്റൻ പ്രദേശം ഡെൽഹി തലസ്ഥാനപ്രദേശത്തിനു കീഴിൽ വരുന്നു. ഡെൽഹി മുനിസിപ്പൽ കോർപ്പറേഷൻ ലോകത്തെ ഏറ്റവും വലിയ മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഒന്നാണ്. ഇവിടെ 1.378 കോടി ആളുകൾ അധിവസിക്കുന്നു എന്നാണ് കണക്ക് .[38]. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂ ഡെൽഹി ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിലിൻറെ കീഴിലാണ് വരുന്നത്. ദേശീയ തലസ്ഥാനമേഖലയിൽ പെടുന്ന ഗുഡ്‌ഗാവ്, നോയിഡ, ഫരീദാബാദ്, ഗാസിയബാദ് എന്നിവ ഡെൽഹിയുടെ ഉപഗ്രഹ നഗരങ്ങളാണ്.

ഓരോ ജില്ലയുടെയും ഭരണാധികാരി അതത് ജില്ലയിലെ ഡെപ്യൂട്ടി കമ്മീഷണർ ആണ്. എല്ലാ ജില്ലകളേയും മൂന്ന് സബ് ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഓരോ സബ് ഡിവിഷനുകളുടേയും അതത് സബ് ഡിവിഷനിലെ മജിസ്ട്രേട്ട് ഭരിക്കുന്നു.

ഇവിടത്തെ നീതിന്യായപരിപാലനം സംരക്ഷിക്കുന്നത് ഡെൽഹി ഹൈക്കോടതിയാണ്. കൂടാതെ ലോവർ കോടതികളും ചെറിയ കോടതികളും ഉണ്ട്. ക്രിമിനൽ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് സെഷൻസ് കോടതികളും ഉണ്ട്. പോലീസ് കമ്മീഷണർ തലവനായ ഡെൽഹി പോലീസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ മെട്രോനഗര പോലീസുകളിൽ ഒന്നാണ്. [39] ഭരണസൗകര്യത്തിനായി ഒൻപത് പോലീസ് ജില്ലകളായി തിരിച്ചിരിക്കുന്നു. ഇതിനു കീഴെ ആകെ 95 പോലീസ് സ്റ്റേഷനുകളാണുള്ളത്.[40]

അടിസ്ഥാന സൗകര്യങ്ങൾ

എൻ.ഡി.എം.സിയുടെ പ്രധാന ഓഫീസ്

ജലവിതരണം

ഡെൽഹിയിലെ കുടിവെള്ള ജല വിതരണം ഡെൽഹി ജൽ ബോർഡ് (ഡി.ജെ.ബി) ആണ് കൈകാര്യം ചെയ്യുന്നത്. 2006 ലെ കണക്കു പ്രകാരം ഡി.ജെ.ബി 650 MGD (മില്ല്യൺ ഗാലൺസ്/ദിവസം) വെള്ളം വിതരണം ചെയ്തു. [41] ബാക്കി വെള്ളത്തിന്റെ ആവശ്യങ്ങൾ കിണറുകൾ, കുഴൽ കിണറുകൾ എന്നിവ വഴിയാണ് പരിഹരിക്കുന്നത്. 240 MGD വെള്ളം ശേഖരിക്കാൻ കഴിവുള്ള ബകര സ്റ്റോറേജ് ആണ് ഡി.ജെ.ബി യ്ടെ കീഴിലുള്ള ഏറ്റവും വലിയ ജലസംഭരണി. കൂടാതെ യമുനാ നദിയെയും, ഗംഗാ നദിയെയും ജലത്തിനായി ഡെൽഹി ആശ്രയിക്കുന്നു. [41] ഉയർന്നു വരുന്ന ജനസംഖ്യയും ഭുഗർഭ ജലനിരക്കിലുള്ള താഴ്ചയും ഇവിടെ ജലക്ഷാമം ഒരു രൂക്ഷപ്രശനമാക്കിയിട്ടൂണ്ട്. ഒരു ദിവസം 8000 ടൺ ഖര വേസ്റ്റ് പാഴ്വസ്തുക്കൾ ഡെൽഹിയിൽ ഉണ്ടാവുന്നു എന്നാണ് കണക്ക്. [42] ദിനംതോറും 470 MGD മലിനജലവും 70 MGD വ്യവസായിക മലിന ജലവും ഡെൽഹി പുറന്തള്ളുന്നുണ്ട്.[43] ഇതിൽ ഒരു ഭാഗം യമുനയിലേക്ക് പ്രവേശിക്കുന്നു എന്നത് വലിയ പരസ്ഥിതിപ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.[43]

എൻ.ഡി.എം.സി. പ്രദേശത്ത് എൻ.ഡി.എം.സി. നേരിട്ടാണ്‌ ജല-വൈദ്യുതവിതരണം നടത്തുന്നത്[44]

വൈദ്യുതി

ഡെൽഹിയിലെ ശരാശരി വൈദ്യുതി ഉല്പാദനം 1,265 kWh ആണ്. പക്ഷേ വൈദ്യുതി ആവശ്യം ഇതിലും കൂടുതലാണ്. [45] വൈദ്യുത ആവശ്യങ്ങൾ പരിപാലനം ചെയ്തത് ഡെൽഹി വിദ്യുത് ബോർഡ്(ഡി.വി.ബി) ആയിരുന്നു. 1997 ഡി.വി.ബി മാറി ഡെൽഹി ഇലക്ടിസിറ്റി സപ്ലൈ അണ്ടർ‌ടേക്കിങ് എന്ന സ്ഥാപനമാക്കി. ഇത് മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹിയുടെ കീഴിലുള്ള ഒരു സ്ഥാപനമാണ്. വൈദ്യുത ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയുടെ പ്രധാന വൈദ്യുത നിർമ്മാണമേഖലയായ നോർത്തേൺ ഗ്രിഡിൽ നിന്നും വൈദ്യുതി വാങ്ങുകയാണ് ചെയ്യുന്നത്. ഇതു മൂലം വൈദ്യുത ക്ഷാമം പ്രത്യേകിച്ചും വേനൽക്കാലത്ത് സാധാരണമാണ്. ഇതുമൂലം പല വ്യവസായ സ്ഥാപനങ്ങളും തങ്ങളുടെ സ്വന്തമാ‍യ ജനറേറ്ററുകളേയാണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് ഡെൽഹിയിൽ വൈദ്യുത വിതരണം സ്വകാര്യകമ്പനികൾക്ക് കൈമാറുകയുണ്ടായി. ഇപ്പോൾ വൈദ്യുത വിതരണം നടത്തുന്നത് പ്രധാനമായും ടാറ്റ പവർ, റിലയൻസ് പവർ എന്നീ കമ്പനികളാണ്.

അഗ്നിശമനസേന

ഡെൽഹിയിലെ അഗ്നിസുരക്ഷ കൈകാര്യം ചെയ്യുന്നത് ഡെൽഹി അഗ്നിശമനസേന ആണ്. ആകെ 43 ഫയർഫോഴ്സ് സ്റ്റേഷനുകളാണ് ഉള്ളത്. ഓരോ വർഷവും 15000 ലധികം പ്രശ്നങ്ങൾ ഈ സേന കൈകാര്യം ചെയ്യുന്നു എന്നാണ് കണക്ക്. കടുത്ത വേനൽക്കാലത്ത് തീ സംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ കാണപ്പെടുന്നു. [46]

ടെലിഫോൺ

ഇന്ത്യാഗവണ്മെന്റ് പ്രധാന ഓഹരിപങ്കാളിയായ പൊതുമേഖലാസ്ഥാപനമായ[47] മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ് ആണ് പ്രധാന ടെലിഫോൺസേവനം നൽകുന്നത്. ഇത് കൂടാതെ സ്വകാര്യകമ്പനികളായ വോഡാഫോൺ, എയർടെൽ, ഐഡിയ സെല്ലുലാർ, റിലയൻസ് ഇൻഫോകോം, ടാറ്റ ഇൻഡികോം എന്നിവയും അടിസ്ഥാന, മൊബൈൽ ടെലിഫോൺ സൗകര്യം നൽകുന്നു.[48] മൊബൈൽ സേവനം ജി.എസ്.എം., സി.ഡി.എം.എ. എന്നീ രണ്ട് ടെക്നോളജിയിലും ലഭിക്കുന്നു. ഇതു കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ഈ കമ്പനികളിൽ നിന്ന് ലഭ്യമാണ്. [49]

ഗതാഗതം

ന്യൂ ഡെൽഹിയിലെ പ്രധാനവീഥിയാ‍യ രാജ്‌പഥ്

ബസ്‍, ഓട്ടോറിക്ഷ, ടാക്സി, ഡെൽഹി മെട്രോ റെയിൽ‌വേ, സബർബൻ റെയിൽ‌വേ എന്നിവയാണ്‌ പൊതുഗതാഗത്തിനുള്ള മാർഗ്ഗങ്ങൾ. സ്വകാര്യ വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങളും മർദ്ദിത പ്രകൃതി വാതകമാണ്‌ (സി.എൻ.ജി.) ഇന്ധനമായി ഉപയോഗിക്കുന്നത്. പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് കൂടുതൽ പരിസ്ഥിതിക്ക് അനുയോജ്യമായ ഇന്ധനമാണ്‌ ഇത്. കൂടാതെ പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് വിലക്കുറവുമാണ്‌. ഇക്കാരണം കൊണ്ട് ദില്ലിയിലെ ടാക്സി ഓട്ടോറിക്ഷാ കൂലി ഇന്ത്യയിലെ മറ്റു നഗരങ്ങളേ അപേക്ഷിച്ച് താരതമ്യേന കുറവാണ്‌. ഇന്ദ്രപ്രസ്ഥ ഗാസ് ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയാണ്‌ ദില്ലിയിൽ സി.എൻ.ജി.-യും പാചകാവശ്യത്തിന്‌ കുഴൽ വഴിയുള്ള പ്രകൃതിവാതകവും വിതരണം ചെയ്യുന്നത്. ദില്ലിയിലെ മറ്റു പ്രദേശങ്ങളിൽ സാധാരണയായി കണ്ടു വരുന്ന സൈക്കിൾ റിക്ഷകൾ ന്യൂ ഡെൽഹി പ്രദേശത്ത് നിരോധിച്ചിരിക്കുകയാണ്‌.

ഡെൽഹിയിലെ മൊത്തം വാഹനങ്ങളിൽ 30% സ്വകാര്യവാഹനങ്ങളാണ്. ഓരോ ദിവസവും ശരാശരി 963 വാഹനങ്ങൾ ഡെൽഹിയിലെ റോഡുകളിലെ ഉപയോഗത്തിനായി റെജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട് എന്നാണ് കണക്ക്. [50]

ബസ്

ഡെൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അഥവാ ഡി.ടി.സി. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബസ് സർ‌വീസ് ആണ്‌. ദില്ലിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ അന്തർ സംസ്ഥാന സർ‌വീസുകളും ഡി.ടി.സി. നടത്തുന്നു. ലോകത്തിലെത്തന്നെ ഏറ്റവും വലിയ പരിസ്ഥിതിസൗഹൃദ ബസ് സർ‌വീസ് ആണ്‌ ഡി.ടി.സി. ഇതു കൂടാതെ ബ്ലൂലൈൻ ബസ് എന്നറിയപ്പെടുന്ന സ്വകാര്യ ബസ് സർ‌വീസുകളും ഇവിടെയുണ്ട്. സ്വകാര്യബസ്സുകൾ 2010-ഓടെ നിർത്തലാക്കുമെന്ന് ദില്ലി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. റിങ് റോഡ് ചുറ്റി സഞ്ചരിക്കുന്ന മുദ്രിക സർ‌വീസും (റിങ് റോഡ് സർ‌വീസ്), റിങ് റോഡിനു പുറത്തു കൂടെ ഏതാണ്ട് ദില്ലിയുടെ എല്ലാഭാഗങ്ങളേയും ചുറ്റി സഞ്ചരിക്കുന്ന ബാഹരി മുദ്രിക സർ‌വീസുമാണ്‌ (ഔട്ടർ റിങ് റോഡ് സർ‌വീസ്) ബസ് റൂട്ടുകളിൽ പ്രധാനപ്പെട്ടത്. 5 രൂപ (നോൺ എ.സി മിനിമം), 10 രൂപ(എ.സി,മിനിമം), 15 രൂപ, 20രൂപ, 25 രൂപ എന്നിങ്ങനെ അഞ്ച് ടിക്കറ്റ് നിരക്കുകളേ ബസുകളിൽ നിലവിലുള്ളൂ.

റെയിൽ‌വേ

ഇന്ത്യൻ റെയിൽ‌വേയുടെ 16 മേഖലകളിൽ ഒന്നായ ഉത്തര റെയിൽ‌വേയുടെ ആസ്ഥാനമാണ്‌ ന്യൂ ഡെൽഹി. രണ്ടു പ്രധാനപ്പെട്ട റെയിൽ‌വേ സ്റ്റേഷനുകളാണ്‌ ന്യൂ ഡെൽഹിയിലുള്ളത്. ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷനും ഹസ്രത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനും. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള ദീർഘദൂര ട്രെയിനുകൾ ഇവിടെ നിന്നും പുറപ്പെടുന്നു. ഓൾഡ് ഡെൽഹിയിലുള്ള പുരാണ ദില്ലി സ്റ്റേഷനും വളരെയധികം യാത്രക്കാരുള്ള ഒരു സ്റ്റേഷനാണ്‌.

നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കുള്ള സബർബൻ റെയിൽ‌വേ സർ‌വീസുകളും ഇവിടെ നിന്നുണ്ട്.

മെട്രോ റെയിൽ‌വേ

ഡെൽഹി മെട്രോ ട്രെയിൻ

ന്യൂ ഡെൽഹി നഗരത്തേയും പരിസരപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന അതിവേഗ മെട്രോറെയിൽ സർ‌വീസ് 2004 ഡിസംബർ 24-നാണ്‌ പ്രവർത്തനമാരംഭിച്ചത്. ഇന്ത്യയിലെ രണ്ടാമത്തെ അണ്ടർഗ്രൗണ്ട് മെട്രോ റെയിൽ‌വേയാണ്‌ ഡെൽഹി മെട്രോ, കൊൽക്കത്തയിലാണ്‌ ആദ്യത്തേത്. കൊൽക്കത്തയിൽ നിന്നും വ്യത്യസ്തമായി ഡെൽഹി മെട്രോയുടെ ചില പാതകൾ ഭൂമിക്കടിയിലൂടെയല്ലാതെ ഉയർത്തിയ തൂണുകൾക്കു മുകളിലൂടെയുമുണ്ട്.

ദില്ലി ഗവണ്മെന്റിന്റേയും കേന്ദ്രഗവണ്മെന്റിന്റേയും സം‌യുക്തസം‌രംഭമാണിത്. 2008-ലെ സ്ഥിതിയനുസരിച്ച് താഴെക്കൊടുത്തിരിക്കുന്ന മൂന്നു ലൈനുകളിലായി ആകെ 68 കിലോമീറ്റർ ദൂരം മെട്രോ റെയിലുണ്ട്. ഇവക്കിടയിൽ 62 സ്റ്റേഷനുകളാണ്‌ ഉള്ളത്. മറ്റു ലൈനുകളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.

പാതയുടെ പേര്നമ്പർതുടക്കവും, അവസാനിക്കുന്നതും ആയ സ്റ്റേഷനുകൾനീളം (കി.മി)സ്റ്റേഷനുകളുടെ എണ്ണംട്രെയിനുകളുടെ എണ്ണം
 ചുവന്ന പാത1ദിൽഷാദ് ഗാർഡൻ - റിഥാല25.092131 ട്രെയിനുകൾ
 മഞ്ഞ പാത2സമയ്പ്പൂർ ബദ്ലീ - ഹുഡ സിറ്റി സെന്റർ49.313760 ട്രെയിനുകൾ
 നീല പാത3നോയിഡ സിറ്റി സെന്റർ - ദ്വാരക സെക്ടർ-2158.585270 ട്രെയിനുകൾ
 പച്ച പാത4ഇന്ദർലോക് - ബഹദൂർഗാർ സിറ്റി പാർക്ക്29.642320 ട്രെയിനുകൾ
 വയലറ്റ് പാത [51]5കാശ്മീരീ ഗേറ്റ് - എസ്കോർട്ട്സ് മുജേസാർ43.403244 ട്രെയിനുകൾ
 വിമാനത്താവളം പാത6ന്യൂ ഡെൽഹി - ദ്വാരക സെക്ടർ-2122.70610 ട്രെയിനുകൾ
 മജന്ത പാത7ബൊട്ടാനിക്കൽ ഗാർഡൻ- ജാനകപുരി വെസ്റ്റ്37.462526 ട്രെയിനുകൾ
 പിങ്ക് പാത8മജ്ലിസ് പാർക്ക് - ലജ്പത് നഗർ29.661823 ട്രെയിനുകൾ


വ്യോമഗതാഗതം

ഇന്ദിരഗാന്ധി അന്താരാഷ്ട്രവിമാനത്താവളം-തെക്കേ ഏഷ്യയിലെ ഏറ്റവും തിരക്കേറിയതുമാണ്. [52]

ന്യൂ ഡെൽഹിയുടെ അന്താരാഷ്ട്ര വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയുടെ തെക്കു പടിഞ്ഞാറു ഭാഗത്ത് ദേശീയപാത 8-ന്‌ അരികിലായാണ്‌ സ്ഥിതിചെയ്യുന്നത്. ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ്‌. 2006-2007 വർഷത്തെ കണക്കുകൾ പ്രകാരം ഉത്തരേന്ത്യയിലെ തന്നെ തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ്‌ ഇത്. ഒരു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും ആണ്. [53][54] ഈ വിമാനത്താവളം ഡെൽഹിയുടെയും പരിസര പ്രദേശങ്ങളായ നോയ്ഡ, ഫരീദാബാദ്, ഗുഡ്‌ഗാവ് എന്നീ നഗരങ്ങൾ അടങ്ങിയതുമായ നാഷണൽ കാപിറ്റൽ റീജിയണിലെ പ്രധാന വിമാനത്താവളമാണ്.

ന്യൂ ഡെൽഹി നഗരത്തിനകത്തുള്ള പൊതുജനവ്യോമഗതാഗത്തിനുള്ള ഒരു വിമാനത്താവളമാണ്‌ സഫ്ദർജംഗ് വിമാനത്താവളം. സൈന്യവും ഈ വിമാനത്താവളം ഉപയോഗപ്പെടുത്തുന്നു.

സാമ്പത്തികം

തെക്കേ ഏഷ്യയിലെ ഏറ്റവും മുന്നിട്ടു നിൽക്കുന്ന സാമ്പത്തിക വാണിജ്യ നഗരങ്ങളിൽ മുംബൈക്ക് ശേഷം രണ്ടാം സ്ഥാനമാണ് ഡെൽഹിക്കുള്ളത്. ഡെൽഹിയിലെ സാമ്പത്തിക വളർച്ച 2006-07 ൽ 16% ആയിരുന്നു.[55]. തൊഴിലുള്ളവരുടെ നിരക്ക് 32.82% എന്നുള്ളത് 1991 ൽ നിന്നും 2001 ൽ 52.52% ആയി വർദ്ധിച്ചു. [56] തൊഴിലില്ലായ്മ നിരക്കാകട്ടെ 1999-2000 ലെ 12.57% എന്നതിൽ നിന്നും 2003 ൽ 4.63% ആയി കുറഞ്ഞു എന്നാണ് കണക്ക്.[56] ഡിസംബർ 2004 ൽ 636,000 ലധികം ആളുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേരു ചേർത്തിട്ടുണ്ട് [56]

ഇന്ത്യയിലെ സാങ്കേതികമേഖലയിലെ ഔട്സോഴ്സിങ് വ്യവസായ മേഖലയിൽ ഡെൽഹിയുടെ ഉപഗ്രഹ നഗരങ്ങളിലൊന്നായ ഗുഡ്‌ഗാവ് സുപ്രധാന പങ്ക് വഹിക്കുന്നു. [57] 2006ൽ 1.7 ബില്യൺ അമേരിക്കൻ ഡോളർ മുതലുള്ള സോഫ്റ്റ്‌വേർ കയറ്റുമതി വ്യവസായം ഇവിടെ നടന്നു എന്നാണ് കണക്ക്. [58]

2001ൽ ഡെൽഹിയിലെ സംസ്ഥാന കേന്ദ്ര തൊഴിൽ മേഖലയുടെ വലിപ്പം 620,000 ആയിരുന്നു. ഇതിനെ അപേക്ഷിച്ച് സ്വകാര്യ മേഖലയുടെ തൊഴിലാളികളുടെ എണ്ണം 219,000 ആണ്.[56] 2000 മുതൽ ഇങ്ങോട്ടുള്ള കാലഘട്ടം ഡെൽഹിയുടെ തൊഴിൽ മേഖല പല അന്താരാഷ്ട്ര കമ്പനികളേയും ഇങ്ങോട്ട് ആകർഷിച്ചിട്ടുണ്ട്. ഇതിൽ പ്രധാനം ഇൻഫർമേഷൻ ടെക്നോളജി, ടെലികമ്മ്യൂണിക്കേഷൻസ്, ഹോട്ടൽ വ്യവസായം, ബാങ്ക് മേഖല, മീഡിയ, ടൂറിസം എന്നിവയാണ്. ഇംഗ്ലീഷിൽ നല്ല കാര്യപ്രാപ്തിയുള്ള തൊഴിൽ മേഖലയാണെന്നുള്ളതാണ് ഇതിന്റെ ഒരു പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് ഡെൽഹിയിലെ ഉദ്പാനവ്യവസായവും നല്ല വളർച്ച കാണിച്ചിട്ടുണ്ട്. വലിയ ഉത്പാദന വ്യവസായ കമ്പനികളും ഡെൽഹിയിലും ചുറ്റുപാടുമായി തങ്ങളുടെ വ്യവസായ സ്ഥാപനങ്ങളും ഓഫീസുകളും തുടങ്ങിയിട്ടുണ്ട്. പണിയറിയുന്ന തൊഴിലാളികളുടെ എളുപ്പത്തിലുള്ള ലഭ്യത ഒരുപാട് വിദേശ വ്യവസായ സ്ഥാപനങ്ങളെയും ഇവിടേക്ക് ആകർഷിച്ചിട്ടുണ്ട്. ഉദ്പാദന മേഖലയിൽ 2001ലെ തൊഴിലാളികളുടെ എണ്ണം 1,440,000 വും, വ്യവസായ മേഖലയിൽ 129,000 ആയിരുന്നുവെന്നുമാണ് കണക്ക്.[59] കെട്ടിടനിർമ്മാണം, ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻസ്, ആരോഗ്യം, വാർത്തവിനിമയം, റിയൽ എസ്റ്റേറ്റ് എന്നിവ ഡെൽഹിയുടെ സാമ്പത്തികമേഖലയിൽ വൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വേഗതയിൽ വളരുന്ന ചില്ലറകച്ചവടവ്യാപാ‍രമേഖല (retail industries) ഡെൽഹിയാണ്.[60] ഇതിന്റെ ഫലമായി ഡെൽഹിയിലെ ഭൂമിവില വളരെ പെട്ടെന്നാണ് ഉയർന്നത്. ഏറ്റവും വില കൂടിയ ഓഫീസ് സ്ഥലങ്ങളുള്ള സ്ഥാനങ്ങളിൽ ഡെൽഹിയുടെ സ്ഥാനം ഇപ്പോൾ ലോകനിലവാരത്തിൽ ഏഴാം സ്ഥാനത്താണ്. ഒരു ചതുരശ്ര അടിക്ക് $145.16 എന്ന ലോകനിലവാ‍രമാണ് ഇപ്പോൾ ഉള്ളത്. [61] പക്ഷേ, ഈ അന്താരാഷ്ട്ര ചില്ലറ വ്യാപാര കുത്തക മേഖലയുടെ വളർച്ച ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വിപരീതമായിട്ടാണ് ബാധിക്കുന്നത്. ഇത് ഇന്ത്യയുടെ പരമ്പരാഗത ചില്ലറവ്യാപാ‍രമേഖലയെ തകർക്കുന്നു എന്ന് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. [62]

ഇതും കാണുക: ഗുഡ്‌ഗാവ്, നോയിഡ

സംസ്കാരം

സ്മാരകങ്ങൾ

ദില്ലി ഹാട്ടിലെ പാരമ്പര്യ പാത്രങ്ങളുടെ പ്രദർശനം

ഡെൽഹിയിലെ സംസ്കാരം അതിന്റെ ചരിത്രവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ഇവിടത്തെ അനേകം സ്മാരകങ്ങൾ തന്നെ ഇതിനുദാഹരണമാണ്. ഏകദേശം 175 ഓളം സ്മാരകങ്ങൾ ഡെൽഹിയിൽ ഉള്ളതായിട്ടാണ് ആർകിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (Archaeological Survey of India) കണക്ക്. ഇതിൽ ചരിത്രപ്രസിദ്ധമല്ലാത്തതും കണ്ടെത്താത്തതുമായത് ഉൾപ്പെടുന്നില്ല.[63] മുഗ്ഗളന്മാരും ടർക്കിഷ് വംശജരും പണിത ഒരുപാട് കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇങ്ങനെയുള്ള അനേകം കെട്ടിടങ്ങൾ പുരാണാ ദില്ലിയിൽ കാണാവുന്നതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പള്ളിയായ ജുമാ മസ്ജിദ്, ചെങ്കോട്ട, ഹുമയൂണിന്റെ ശവകുടീരം, ഖുത്ബ് മീനാർ എന്നിവ ലോകപ്രശസ്തമാണ്. [64] [65] ഡെൽഹിയിൽ കാണാവുന്ന മറ്റ് സ്മാരകങ്ങളിൽ ചിലത് ഇന്ത്യാ ഗേറ്റ്, ജന്തർ മന്ദിർ, പുരാന കില, എന്നിവയാണ്. പുതുസ്മാരകങ്ങൾക്ക് ഉദാഹരണങ്ങളാണ് അക്ഷർധാം മന്ദിർ, ലോട്ടസ് ടെമ്പിൾ എന്നിവ. മഹാത്മാഗാന്ധിയുടെ ശവകുടീരമായ രാജ്‌ഘട്ടൂം ഡെൽഹിയിലാണ് സ്ഥിതിചെയ്യുന്നത്. ന്യൂ ഡെൽഹിയിൽ ബ്രിട്ടീഷ് കാലത്ത് പണിത സർക്കാർ മന്ദിരങ്ങളും ഇപ്പോഴും അതിന്റെ തനതായ ശൈലിയിലും പുതുമയോടും കൂടി നിലനിൽക്കുന്നുണ്ട്. രാഷ്ട്രപതി ഭവൻ, സെക്രട്ടറിയേറ്റ് മന്ദിരം, രാജ്‌പഥ്, പാർലമെന്റ് മന്ദിരം, വിജയ് ചൗക്ക് എന്നിവ അവയിൽ ചിലതാണ്.

ആഘോഷങ്ങൾ

ഓട്ടൊ എക്സ്പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാഹനം[66]

തലസ്ഥാന നഗരം എന്നെ പദവി ഡെൽഹിയുടെ സംസ്കാരത്തിനും ആഘോഷങ്ങൾക്കും ഒരു പ്രത്യേക പകിട്ടൂം പ്രാധാന്യവും തന്നെ നൽകുന്നു. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി എന്നിവ വളരെ ഉത്സാഹത്തോടുകൂടി ഡെൽഹിയിൽ ആഘോഷിക്കപ്പെടുന്നു. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്ന് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നു. [67] ഇന്ത്യയുടെ വൈവിധ്യത്തെ കാണിക്കുന്ന ഒരു സാംസ്കാരിക പ്രദർശനം റിപ്പബ്ലിക് ദിന പരേഡിൽ എല്ലാ വർഷവും നടക്കുന്നു. ഇതുകൂടാതെ ഇന്ത്യൻ സൈനികാഭ്യാസ പ്രകടനങ്ങളും ഈ ദിവസം നടക്കുന്നു. [68][69]

മതപരമായ ആഘോഷങ്ങളിൽ പ്രധാനം ദീപാവലി (ദീപങ്ങളുടെ ഉത്സവം), മഹാവീർ ജയന്തി, ഗുരു നാനാക്ക് ജന്മദിനം, ദുർഗ പൂജ, ഹോളി, ലോഹ്‌രി, മഹാശിവരാത്രി, ഈദ്, ബുദ്ധജയന്തി എന്നിവയാണ്. [69] പ്രസിദ്ധ സ്മാരകമായ ഖുത്ബ് മീനാറിൽ വച്ചു നടക്കുന്ന ഖുത്ബ് ഉത്സവത്തിൽ വളരെയധികം നർത്തകരേയും ഗായകരേയും പങ്കെടുപ്പിക്കുക പതിവാണ്. [70] . മറ്റു സാംസ്കാരിക പരിപാടികളിൽ പ്രധാനം പട്ടം പറത്തൽ ഉത്സവം, അന്താരാഷ്ട്ര മാങ്ങ പ്രദർശനം, വസന്ത പഞ്ചമി എന്നിവയാണ്.

എല്ലാ വർഷവും പ്രഗതി മൈദാനിൽ വച്ച് നടക്കുന്ന ഓട്ടൊ എക്സ്പോ ഏഷ്യയിലെ ഏറ്റവും വലിയ വാഹന പ്രദർശന മേളയാണ്. [66] പ്രഗതി മൈദാനിൽ വച്ച് തന്നെ എല്ലാ വർഷവും നടക്കുന്ന ലോക പുസ്തകമേള ലോകത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ പുസ്തകമേളയാണ്. ഇതിൽ 23 ലധികം രാഷ്ടങ്ങൾ പങ്കെടുക്കുന്നു. [71] ഏറ്റവും അധികം പുസ്തകവായനക്കാരുണ്ടെന്ന് കണക്കാക്കുന്ന ഡെൽഹിയെ ബുക്ക് കാപിറ്റൽ എന്നും പറയാറുണ്ട്. [72]

ഭക്ഷണം

[[പ്രമാണം:Chicken Chili എക്കാലവും രാജാക്കൻമാരുടെ കേന്ദ്രമായ ദില്ലിയിലെ ജനങ്ങൾ സൽക്കാര പ്രിയരും ഭക്ഷണകാര്യത്തിൽ കുലീനരും ആണ് .R2.jpg|right|thumb|ഡെൽഹിയിലെ പ്രശസ്ത ഭക്ഷണമായ കടായി ചിക്കൻ ]]ഭക്ഷണ കാര്യങ്ങളിൽ പഞ്ചാബി മുഗൾ ഭക്ഷണമായ കബാബ്, ബിരിയാണി എന്നിവ പ്രസിദ്ധമാണ്. [73] [74] ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ തിങ്ങി പാർക്കുന്നതു കൊണ്ടും അനേക സാംസ്കാരമുള്ള ജനങ്ങൾ താമസിക്കുന്നതു കൊണ്ടും രാജസ്ഥാനി ഭക്ഷണം, മഹാരാഷ്ട്ര ഭക്ഷണം, ബംഗാളി ഭക്ഷണം, ഹൈദരബാദി ഭക്ഷണം, തെക്കേ ഇന്ത്യൻ ഭക്ഷണം എന്നിവയും ഡെൽഹിയുടെ വിവിധ ഭാഗങ്ങളിൽ ലഭിക്കുന്നു . തെക്കേ ഇന്ത്യൻ ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ, സാമ്പാർ എന്നിവ മിക്കയിടങ്ങളിലും ലഭിക്കുന്നു. ഡെൽഹിയുടെ തനതായ ചെറു ഭക്ഷണങ്ങളായ ചാട്ട്, ദഹി പാപ്‌ടി, എന്നിവയും ഇവിടെ ലഭിക്കുന്നു. ഇതു കൂടാതെ അന്താരാഷ്ട്ര ഭക്ഷണങ്ങളായ ഇറ്റാലിയൻ ഭക്ഷണം, കോണ്ടിനെന്റൽ ഭക്ഷണം, ചൈനീസ് ഭക്ഷണം എന്നിവയും തിരഞ്ഞെടുത്ത ഭക്ഷണശാലകളിൽ ലഭിക്കുന്നു.

വാണിജ്യം

ചരിത്രപരമായി വാണിജ്യത്തിന് വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമായിട്ടാണ് പണ്ടുമുതലേ ഡെൽഹി കണക്കാക്കപ്പെട്ടിരുന്നത്. ഇത് ഇന്നത്തെ പുരാണ ദില്ലിയിലുള്ള വളരെ പഴയ ചന്തകൾ (ബാസാറുകൾ) കാണിക്കുന്നു. [75] പുരാതന ദില്ലിയിലെ ഡിങ്കി ചന്തകളിൽ നാരങ്ങ, അച്ചാറുകൾ, ആഭരണങ്ങൾ, തുണി‍, സുഗന്ധവ്യഞ്ജനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവക്ക് വളരെ പ്രസിദ്ധമാണ്.[75] പഴയ രാജകൊട്ടാരപെരുമയുള്ള ഹവേലികൾ (പഴയ കൊട്ടാരങ്ങൾ) ഇപ്പോഴും പുരാണ ദില്ലിയിൽ കാണപ്പെടുന്നു. [76] പഴയ ചന്തകളിൽ ഏറ്റവും പ്രമുഖമായത ചാന്ദ്നി ചൗക് ആണ്. ഇപ്പോഴും ആഭരണങ്ങൾക്കും, സാരികൾക്കും ഡെൽഹിയിലെ ഏറ്റവും പ്രമുഖസ്ഥലം ചാന്ദ്നി ചൗക് തന്നെയാണ്.[77] ഡെൽഹിയിലെ കലക്കും, കരകൗശല വസ്തുക്കളിൽ ഏറ്റവും ശ്രദ്ധയേറിയത് സർദോസി (സ്വർണ്ണം കൊണ്ടുള്ള നെയ്തുവേല-an embroidery done with gold thread), മീനാക്കാരി (the art of enameling) എന്നിവ വളരെ പ്രസിദ്ധമാണ്. ദില്ലി ഹാട്ട്, ഹോസ് ഖാസ്, പ്രഗദി മൈദാൻ എന്നിവടങ്ങളിൽ കലാരൂപങ്ങൾ, കരകൌശലവസ്തുക്കൾ എന്നിവയുടെ പ്രദർശനം സാധാരണ നടക്കാറുണ്ട്. എന്നിരുന്നാലും ഡെൽഹിക്ക് അതിന്റെ തനതായ ശൈലിയും സാംസ്കാരവും മറ്റുള്ള സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളുടെ കുടിയേറ്റം കൊണ്ട് നഷ്ടപ്പെടുന്നു എന്നു ഒരു ആരോപണമുണ്ട്. [78][5]

ഭാഷ

ഡെൽഹിയിലെ സാമാന്യഭാഷ ഹിന്ദിയാണ്. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ പഞ്ചാബിക്കും ഉർദുവിനും സർക്കാരിന്റെ ഔദ്യോഗികഭാഷാപദവിയുണ്ട്. മുൻകാലത്ത് ഡെൽഹി ഉർദു ഭാഷയുടെ പ്രധാനപ്പെട്ട കേന്ദ്രമായിരുന്നു. ഏറ്റവും ശുദ്ധമായ ഉർദു സംസാരിക്കപ്പെട്ടിരുന്നത് ഡെൽഹിയിലായിരുന്നെന്ന് പറയപ്പെടുന്നു.[79]

ഇതും കാണുക: ഡെൽഹിയിലെ സംസ്കാരം

വിദ്യാഭ്യാസം

മെഡിക്കൽ രംഗത്തെ മികച്ച കോളേജ് ആയ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്[80]

ഡെൽഹി സർക്കാറിന്റെ വിദ്യാഭ്യാസവകുപ്പിന്റെ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന നിരവധി വിദ്യാലയങ്ങൾ ഡെൽഹിയിലുണ്ട്. 2004–05 ലെ കണക്ക് പ്രകാരം ഡെൽഹിയിൽ 2,515 പ്രാഥമികവിദ്യാലയങ്ങളും, 635 അപ്പർ പ്രൈമറി സ്കൂളുകളും 504 സെക്കന്ററി സ്കൂളുകളും 1,208 സീനിയർ സെക്കറ്ററി സ്കൂളുകളും ആണ് ഉള്ളത്. ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി 165 കോളേജുകളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 5 മെഡിക്കൽ കോളേജുകളും 8 എഞ്ചിനീയറിംഗ് കോളേജുകളും ഉൾപ്പെടുന്നു. [81]

ഇതു കൂടാതെ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 6 സർവകലാശാലകളും ഉണ്ട്. ഡെൽഹി യൂണിവേഴ്സിറ്റി (ഡി.യു), ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി (ജെ.എൻ.യു), ജാമിയ മില്യ ഇസ്ലാമിയ (ജെ.എം.ഐ), ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി ( GGSIPU), ഇന്ദിരഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU), ജാമിയ ഹംദർദ് എന്നിവയാണ് അവ. ഇതു കൂടാതെ 9 കൽപ്പിതസർവകലാശാലകളും ഡെൽഹിയിലുണ്ട്. [81] ഡെൽഹി സംസ്ഥാനത്തിന്റെ സ്വന്തം യൂണിവേഴ്സിറ്റി എന്ന് പറയാവുന്നത് ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി ( GGSIPU) ആണ്. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) വിദൂരപഠനത്തിന് കോഴ്സുകൾ നൽകുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - ഡെൽഹി

ഡെൽഹിയിലെ സ്വകാര്യവിദ്യാലയങ്ങൾ വിദ്യാഭ്യാസമാധ്യമമായി ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകൾ ഉപയോഗിക്കുന്നു. വിദ്യാഭ്യാസ സിലബസിനായി ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ എന്നീ സമിതികളിൽ ഒന്നിന്റെ നിയമങ്ങൾ പിന്തുടരുന്നു. 2004–05 ലെ കണക്ക് പ്രകാ‍രം 15.29 ലക്ഷം വിദ്യാർത്ഥികൾ പ്രാഥമികവിദ്യാലയങ്ങളിലും 8.22 ലക്ഷം അപ്പർ പ്രൈമറി സ്കൂളുകളിലും 6.69 ലക്ഷം സെക്കന്ററി സ്കൂളുകളിലും ചേർന്നു എന്നാണ് കണക്ക്.[81] മൊത്തം പ്രവേശനത്തിൽ 49% പെൺകുട്ടികളാണ്.

ഡെൽഹിയിൽ സാ‍ധാരണ പ്രാഥമിക വിദ്യാഭ്യസത്തിനു ശേഷം വിദ്യാർത്ഥികൾ അടുത്ത രണ്ടു വർഷം ജൂനിയർ കോളേജുകളിൽ ചെലവഴിക്കുന്നു[അവലംബം ആവശ്യമാണ്]. ഇതിൽ തങ്ങളുടെ പ്രത്യേക പഠനശാഖ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നു. കോമേഴ്സ്, സയൻസ് എന്നിങ്ങനെയുള്ള അനേകം വിഷയങ്ങളിൽ പ്രത്യേക വിദ്യാഭ്യാസത്തിന് ഇവിടെ അവസരം ലഭിക്കുന്നു. ഇതിനുശേഷം 3 വർഷത്തെ അണ്ടർ ഗാജുവേറ്റ് കോഴ്സുകൾ ചെയ്യാൻ അവസരം ലഭിക്കുന്നു. ഡെൽഹിയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഡെൽഹി കോളേജ് ഓഫ് എൻ‌ജിനീയറിംഗ്, ഫകുൽറ്റി മാനേജ്മെന്റ് സ്റ്റഡീസ്, ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ഡെൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് എന്നിവയാണ് . ഇതിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഏഷ്യയിലെ നാലാമത്തെ മികച്ച സയൻസ് ടെക്നോളജി വിദ്യാഭ്യാസ സ്ഥാപനമായി ഏഷ്യാവീക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.[82]. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഇന്ത്യയിലെ ഏറ്റവും മികച്ച മെഡിക്കൽ കോളേജുകളിൽ ഒന്നാണ്. [83]2008 ലെ ഒരു സർവേ പ്രകാരം ഡെൽഹിയിലെ ജനങ്ങളിൽ 16% പേർ കുറഞ്ഞത് കോളേജ് വിദ്യാഭ്യാസം ലഭിച്ചവരാണ്. [84]

മാധ്യമങ്ങൾ

ടെലിവിഷൻ

ആൾ ഇന്ത്യ റേഡിയോയുടെ പ്രധാനകെട്ടിടം - ആകാശവാണി ഭവൻ എന്ന പേരിലും അറിയപ്പെടുന്നു.
പീതം‌പുര ടി.വി ടവർ- ഡെൽഹിയിലെ പ്രധാന സം‌പ്രേഷണ ടവർ

ഇന്ത്യയുടെ തലസ്ഥാനനഗരം എന്ന പ്രാധാന്യം കൊണ്ട് തന്നെ വാർത്താ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധയുള്ള സ്ഥലമാണ് ഡെൽഹി. ഇന്ദ്രപ്രസ്ഥം എന്ന മറുപേരിലറിയപ്പെടുന്ന ഡെൽഹിയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ രാജ്യമെങ്ങും ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ്. പല ദേശീയ ടെലിവിഷൻ ചാനലുകളുടേയും വാർത്താമാധ്യമങ്ങളുടേയും പ്രധാനകാര്യാലയം ഡെൽഹിയിലാണ്. പ്രെസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (Press Trust of India), ദൂരദർശൻ എന്നിവ ഇവയിൽ ചിലതാണ്. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ദൂരദർശൻ രണ്ട് ചാനലുകൾ ഡെൽഹിയെ അടിസ്ഥാനമാക്കി സം‌പ്രേഷണം ചെയ്യുന്നു. ദൂരദർശനെ കൂടാതെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി അനേകം സ്വകാര്യചാനലുകളും ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇതു കൂടാതെ സാറ്റലൈറ്റ്, കേബിൾ പ്രവർത്തകർ എന്നിവരും ടെലിവിഷൻ ചാനലുകളുടെ സേവനം നൽകുന്നു.[85]

പത്രം

ദിനപത്രങ്ങൾ ഡെൽഹിയിലെ ഒരു പ്രധാന മാധ്യമമാണ്. 2004-05 കാലഘട്ടത്തിൽ 1029 പത്രങ്ങൾ 13 ഭാഷകളിലായി ഡെൽഹിയിൽ നിന്നും പ്രസിദ്ധീകരിച്ചു എന്നാണ് കണക്ക്. ഇതിൽ 492 ഹിന്ദി ഭാഷയിലായിരുന്നു. ഇതിൽ പ്രധാനം നവ്‌ഭാരത് ടൈംസ്, ദൈനിക് ഹിന്ദുസ്ഥാൻ, പഞ്ചാബ് കേസരി, ദൈനിക് ജാഗരൺ, ദൈനിക് ഭാസ്കർ, ദൈനിക് ദേശബന്ധു എന്നിവയായിരുന്നു. [86] ഇംഗ്ലീഷ് ഭാഷാദിനപത്രങ്ങളിൽ പ്രധാനമായും ഹിന്ദുസ്ഥാൻ ടൈംസ് ഒരു ദശലക്ഷത്തിലേറെ വില്പനയുമായി മുന്നിലായിരുന്നു. [86] മറ്റു പ്രധാന പത്രങ്ങളിൽ ഇന്ത്യൻ എക്സ്പ്രസ്, ബിസിനസ്സ് സ്റ്റാൻഡേർഡ്, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി പയനീർ ഡെയ്‌ലി, ഏഷ്യൻ ഏജ് എന്നിവ പ്രമുഖ പത്രങ്ങളാണ്.

റേഡിയോ

മറ്റു മാധ്യമങ്ങളുടെ അത്ര വ്യാപകമല്ലെങ്കിലും ഈയിടെയയി സ്വകാര്യ എഫ്. എം ചാനലുകളുടെ വരവു കൊണ്ട് റേഡിയൊയും പ്രശസ്തി നേടിവരുന്നു. [87] 2006നു ശേഷം ധാരാളം എഫ്.എം. ചാനലുകൾ ഡെൽഹിയിൽ ആരംഭിച്ചു.[88]ഇന്നത്തെ കണക്കനുസരിച്ച ധാരാളം സ്വകാര്യ/സർക്കാർ ഉടമസ്ഥതയിൽ റേഡിയോ ചാനലുകൾ ഡെൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. ഇതിൽ പ്രധാനം ഓൾ ഇന്ത്യ റേഡിയോ, ബിഗ് എഫ്.എം, (92.7 FM) റേഡിയോ മിർച്ചി (98.3 FM), ഫീവർ എഫ്.എം (104.0 FM), റേഡിയോ വൺ (94.3 FM) റെഡ് എഫ്.എം (93.5 FM), റേഡിയോ സിറ്റി(91.1 FM) ഹിറ്റ് എഫ്.എം 95(95.0 FM) മിയാവോ എഫ്.എം (104.8FM) എന്നിവയാണ്. ഇതിൽ ഏറ്റവും വലിയ റേഡിയോ ചാനൽ പത്തു ഭാഷകളിലായി സം‌പ്രേഷണം നടത്തുന്ന ഓൾ ഇന്ത്യ റേഡിയോ ആണ്.

കായികം

ജവഹർലാൽ നെഹ്റു സ്റ്റേഡിയം

ഇന്ത്യയിലെ പല സ്ഥലങ്ങളിലേതുപോലെ ക്രിക്കറ്റാണ് ഡെൽഹിയിലെയും ജനപ്രീയമായ കായികയിനം.[89] വിവിധ ക്രിക്കറ്റ് സ്റ്റേഡിയങ്ങൾ (അല്ലെങ്കിൽ മൈതാനങ്ങൾ) നഗരത്തിൽ സ്ഥിതിചെയ്യുന്നു. ഇന്ത്യയിൽ ആദ്യമായി അന്താരാഷ്ട്രപദവി ലഭിച്ച ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയവും ഇവയിൽ ഉൾപ്പെടുന്നു. രഞ്ജി ട്രോഫിയിൽ ഡെൽഹി ക്രിക്കറ്റ് ടീം ഡെൽഹി നഗരത്തെ പ്രതിനിധീകരിക്കുന്നു.[90] ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡെൽഹി ഡെയർ ഡെവിൾസ് ടീമിന്റെ ആസ്ഥാനം ഡെൽഹിയാണ്. ഫീൽഡ് ഹോക്കി, ഫുട്ബോൾ, ടെന്നിസ്, ഗോൾഫ്, ബാഡ്മിന്റൺ, നീന്തൽ, കാർട്ട് റേസിങ്, ഭരദ്വോഹനം, ടേബിൾ ടെന്നിസ് തുടങ്ങിയ കായിക മത്സരങ്ങളും ഡെൽഹിയിൽ വ്യാപകമാണ്.

ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ഇന്ദിര ഗാന്ധി ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഡെൽഹിയിലെ പ്രധാന കായികകേന്ദ്രങ്ങൾ. അനവധി ദേശീയ, അന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഒന്നാമത്തെയും ഒമ്പതാമത്തെയും ഏഷ്യൻ ഗെയിംസ് അവയിൽ ഉൾപ്പെടുന്നു.[91] 2010-ലെ കോമൺവെൽത്ത് ഗെയിംസ് ഡെൽഹിയിൽ ആണ് നടന്നത്. 2020-ലെ ഒളിമ്പിക്സ് വേദിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ ഡെൽഹി പങ്കെടുക്കും. [91][92] 2010-ൽ നടക്കാനിരിക്കുന്ന ഇന്ത്യയിലെ ആദ്യ ഗ്രാൻ പ്രി-ക്കായി ഫെഡറേഷൻ ഇന്റർനാഷ്ണലെ ഡി ഓട്ടോമൊബൈൽ ( Fédération Internationale de l'Automobile) തിരഞ്ഞെടുത്തത് ഡെൽഹി നഗരത്തെയാണ്.[93]

വിനോദസഞ്ചാരം

ലോധി ഉദ്യാനത്തിലെ ശീഷ് ഗുംബദ് എന്ന ശവകുടീരം

ഇന്ത്യയുടെ തലസ്ഥാനനഗരി എന്ന സ്ഥാനമുള്ളതുകൊണ്ടും, ഒരു പഴയ നഗരം എന്നതുകൊണ്ടും, ഡെൽഹിക്ക് ഇന്ത്യയുടെ വിനോദസഞ്ചാരത്തിൽ വളരെ വലിയ പ്രാധാന്യം ഉണ്ട്. പഴയ രീതിയിലുള്ള സ്ഥലങ്ങളും, രാജഭരണ അവശിഷ്ഠങ്ങളും, കോട്ടകളും കൂടാതെ പുതിയ വികസനസ്ഥലങ്ങളും ഡെൽഹിയിലെ ആകർഷണങ്ങളാണ്. പഴയകാല ഡെൽഹി ഭരണാധികാരികൾ ഡെൽഹിയിൽ മികച്ച കെട്ടിടങ്ങളും കോട്ടകളും തങ്ങളുടെ സ്മാരകങ്ങളായി ഇവിടെ നിർമ്മിച്ചിട്ടുണ്ട്. ഇവ പഴയകാല രാജവംശങ്ങളുടെ വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങളാണ്.ഡെൽഹിയിലെ ചില പ്രധാന സ്മാരകങ്ങൾ താഴെപ്പറയുന്നവയാണ്. തലമുറകളായി രാജ ഭരണത്തിന്റെ കുലീനത്വവും വിശ്വസ്തതയും ഉള്ള നഗരവാസികൾ സഞ്ചാരികൾക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുന്നു* തുഗ്ലക്കാബാദ് കോട്ട

ഇത് കൂടാതെ ഇന്ത്യൻ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവനും ഇവിടുത്തെ പ്രധാന ആകർഷണമാണ്. ഇവിടെ സന്ദർശിക്കാൻ പറ്റിയ സമയം ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ്. മഞ്ഞുകാലത്ത് ഇവിടെ നല്ല തണുപ്പനുഭവപ്പെടുന്ന സമയമാണ്.

സഹോദര നഗരങ്ങൾ

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ഔദ്യോഗികം
മറ്റുള്ളവ

കൂടുതൽ അറിവിന്‌

"https:https://www.search.com.vn/wiki/index.php?lang=ml&q=ഡെൽഹി&oldid=4020813" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്